April 4, 2025, 1:39 am

രജനികാന്ത് ചിത്രം ‘ദളപതി’ വീണ്ടും തിയേറ്ററുകളില്‍

മണി രത്നത്തിന്‍റെ സംവിധാനത്തില്‍ രജനികാന്തും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ദളപതി റീ റിലീസിന് ഒരുങ്ങുന്നു. 4 കെ സാങ്കേതികതയിലേയ്‌ക്ക് റീമാസ്‌റ്റര്‍ ചെയ്‌ത് ഡോള്‍ബി അറ്റ്‌മോസ് ശബ്‌ദ മികവോടെയാണ് ചിത്രം കേരളത്തില്‍ റീ റിലീസ് ചെയ്യുന്നത്. റിലീസ് തീയതി ഉടന്‍ തന്നെ പുറത്തുവിടും. ചിത്രത്തിന്‍റെ മനോഹരമായ മലയാളം പോസ്‌റ്ററുകളും ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. 1991ല്‍ ദീപാവലി റിലീസായി നവംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്‌തത്. മഹാഭാരതത്തിലെ കര്‍ണന്‍ – ദുര്യോധനന്‍ ബന്ധത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മണിരത്‌നം ചിത്രം ഒരുക്കിയത്. സിനിമയുടെ തിരക്കഥയും മണിരത്‌നം തന്നെയാണ് നിര്‍വഹിച്ചത്. രജനികാന്ത് സൂര്യ എന്ന കഥാപാത്രത്തെയും മമ്മൂട്ടി ദേവരാജ് ആയും എത്തിയ ചിത്രത്തില്‍ ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കൂടാതെ അരവിന്ദ് സ്വാമി, അമരീഷ് പുരി, മനോജ്‌ കെ ജയൻ, ശ്രീവിദ്യ, ഭാനുപ്രിയ, ശോഭന, ഗീത, നാഗേഷ് തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.മൂന്ന് കോടി ബജറ്റിലായാണ് ചിത്രം ഒരുക്കിയത്. ‘ദളപതി’യുടെ റിലീസ് സമയത്ത് അതുവരെയുള്ള തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രം കൂടിയായിരുന്നു ‘ദളപതി’. ജി വി ഫിലിംസിന്‍റെ ബാനറില്‍ ജി വെങ്കടേശ്വരന്‍ ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.സന്തോഷ് ശിവന്‍ ഛായാഗ്രഹണവും ഗൗതം രാജു, സുരേഷ് എന്നിവര്‍ ചേര്‍ന്ന് സിനിമയുടെ എഡിറ്റിംഗും നിര്‍വഹിച്ചു. ഇളയരാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.