കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി
തിരുവനന്തപുരം: പഞ്ഞ മാസമായ കര്‍ക്കടകം പോയി, പുത്തന്‍ പ്രതീക്ഷകളുമായി ചിങ്ങമാസം എത്തിയിരിക്കുന്നു. മലയാളക്കരയ്‌ക്ക് പുത്തന്‍ പ്രതീക്ഷകളും നിറമാര്‍ന്ന കാഴ്‌ചകളുമായാണ് ചിങ്ങമാസമെത്തുന്നത്. മലയാളികളുടെ പുതുവര്‍ഷ ദിനം കൂടിയാണ് ചിങ്ങം ഒന്ന്. ഒപ്പം കാര്‍ഷിക സമൃദ്ധി ഓര്‍മപ്പെടുത്തി കര്‍ഷകദിനം കൂടിയാണ്. ചിങ്ങം ഒന്ന് പിറന്നാല്‍ പിന്നെ മലയാളിയുടെ ഓണ തയ്യാറെടുപ്പുകള്‍ക്ക് ആരംഭമാകും. ഇത്തവണ ഓഗസ്റ്റ് 20 നാണ് അത്തം ഒന്ന്. അത്തം പത്തായ ഓഗസ്റ്റ് 29 നാണ് തിരുവോണം. കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാസമായാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. മലയാള ഭാഷ മാസമെന്ന വിളിപ്പേര് കൂടിയുണ്ട് ചിങ്ങ മാസത്തിന്. അറുതിയുടെയും വറുതിയുടെയും കർക്കടക മാസ ദുരിതങ്ങൾക്ക് ശേഷമെത്തുന്നുന്ന ചിങ്ങത്തിന് മധുരം കൂടുന്നു. മഴക്കെടുതിയുടെ മാസമായാണ് കർക്കടക മാസത്തെ സാധാരണ വിലയിരുത്തുന്നത്. എന്നാൽ മാറിയ കാലാവസ്ഥ സാഹചര്യത്തിൽ അടുത്ത കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച കർക്കടകമാണ് കടന്നു പോയത്. വിളവെടുപ്പിന്‍റേതെന്ന് അറിയപ്പെട്ടിരുന്ന ചിങ്ങ മാസത്തിൽ സദ്യ സമൃദ്ധമാകാൻ ഇന്ന് അന്യ സംസ്ഥാനത്ത് നിന്നും പച്ചക്കറി, പലവ്യഞ്ജന ലോറികളെ കേരളത്തിലേക്കെത്തണം. എല്ലാ പ്രതിസന്ധികളും തരണം ചെയ്‌ത് ഓണമുണ്ണണമെന്ന ഇച്ഛാശക്തിയാണ് ചിങ്ങ മാസം ഓരോ മലയാളിക്കും നൽകുന്ന ഊർജം.