നഗരങ്ങളിലേക്ക് 10,000 ഇ-ബസുകളുമായി ‘പിഎം ഇ–ബസ് സേവ’;പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി : 3 ലക്ഷം മുതൽ 40 ലക്ഷം വരെ ജനസംഖ്യയുള്ള 100 നഗരങ്ങളിൽ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് 10,000 ബസുകൾ സജ്ജമാക്കുന്ന ‘പിഎം– ഇ ബസ് സേവ’ പദ്ധതിക്കു കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. 57,613 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക്, 20,000 കോടി രൂപയുടെ സഹായം കേന്ദ്ര സർക്കാർ നൽകും. ബാക്കി സംസ്ഥാന സർക്കാരുകൾ, പദ്ധതിയിൽ ചേരുന്ന സ്വകാര്യ പങ്കാളികൾ എന്നിവരാവും വഹിക്കേണ്ടത്. 10 വർഷത്തേക്കു പദ്ധതിക്ക് കേന്ദ്രസർക്കാർ സഹായമുണ്ടാകുമെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. രാജ്യത്തെ 169 നഗരങ്ങളിൽ നിന്നു മത്സരാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 100 നഗരങ്ങളിലായിരിക്കും ആദ്യഘട്ടം പദ്ധതി നടപ്പാക്കുക. കേന്ദ്ര ഭരണ പ്രദേശങ്ങൾ, വടക്കു കിഴക്കൻ മേഖലകൾ, മലയോര സംസ്ഥാനങ്ങൾ എന്നിവയുടെ തലസ്ഥാനങ്ങളിൽ 90% ചെലവും കേന്ദ്രസർക്കാർ വഹിക്കും. മറ്റിടങ്ങളിൽ 60:40 എന്ന അനുപാതത്തിലായിരിക്കും. നിലവിൽ ഏകോപിത ബസ് സർവീസ് ഇല്ലാത്ത നഗരങ്ങൾക്കു മുൻഗണന നൽകും. 45,000 മുതൽ 55,000 വരെ നേരിട്ടുള്ള തൊഴിലവസരങ്ങൾ ഈ പദ്ധതി സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷത്തിൽ കുറവു ജനസംഖ്യയുള്ള നഗരങ്ങളിൽ 50 ബസുകൾ വീതവും 5 മുതൽ 20 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ 100 ബസ് വീതവും 20 മുതൽ 40 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ 150 ബസുകൾ വീതവുമാണു നൽകുക. ഡിപ്പോ, അടിസ്ഥാന സൗകര്യ വികസനം, ഊർജ വിതരണ സംവിധാനം എന്നിവയ്ക്കു സർക്കാർ പിന്തുണ നൽകും. 2 മാതൃകകളിൽ പദ്ധതി നടപ്പാക്കും. പിപിപി മോഡലിൽ റൂട്ട് അടക്കം തീരുമാനിക്കാൻ സ്വകാര്യ പങ്കാളിക്കു സാധിക്കുന്ന വിധത്തിലും റൂട്ട് സർക്കാർ തീരുമാനിച്ചു നടപ്പാക്കുന്ന രീതിയിലുമായിരിക്കും ഇത്. വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കും. രണ്ടാം ഘട്ടത്തിൽ 181 നഗരങ്ങളിൽക്കൂടി പദ്ധതി വ്യാപിപ്പിക്കും.