ജുറാസിക് കാലത്തെ അനുസ്മരിപ്പിച്ച് സഹാറയുടെ മറ്റൊരു മുഖം
കണ്ണെത്താ ദൂരത്ത് വ്യാപിച്ചു കിടക്കുന്ന മണലാരണ്യമാണ് സഹാറയെക്കുറിച്ച് പറയുമ്പോൾ ആരുടെയും മനസിലേക്ക് ഓടിയെത്തുക. എന്നാൽ ആ മണൽ പരപ്പിനപ്പുറം ഏത് സഞ്ചാരിയെയും അമ്പരപ്പിക്കുന്ന ചില കാഴ്ചകൾ കൂടി സഹാറ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കം സഹാറയുടെ ഈ നിഗൂഢ സൗന്ദര്യത്തിന് പിന്നിലുണ്ട്. ദിനോസറുകളുടെയും മറ്റ് അപൂർവ ജീവജാലങ്ങളുടെയും ഫോസിലുകളും അവശിഷ്ടങ്ങളുമൊക്കെ നിറഞ്ഞ സഹാറയുടെ ഒരു മുഖമാണ് കാണാൻ സാധിക്കുക.കെയ്‌റോയിൽ നിന്നും മാറി ബഹാരിയയുടെ ഹൃദയഭാഗത്തുള്ള പ്രദേശം ഒരു അത്ഭുതം തന്നെയാണ്. ഈന്തപ്പനകളും ചൂടുള്ള നീരുറവകളുമൊക്കെയായി അമ്പരപ്പിക്കുന്ന പ്രദേശം. അപൂർവമായ ഫലങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. 40 ഡിഗ്രി ചൂടുള്ള ഈ നീരുറവക്ക് സൾഫർ ഗന്ധമാണ്. ഇത് രോഗശാന്തിക്കായുള്ള ഔഷധ ജലമായി പ്രദേശ വാസികൾ വിശ്വസിക്കുന്നുണ്ട്.ബഹാരിയയിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന മറ്റൊരു ഭാഗത്ത് കറുത്ത കുന്നുകളാണ് പ്രത്യേകത. കറുത്ത മണലുകൾ പൊതിഞ്ഞ ഈ കുന്നുകൾ ജുറാസിക് കാലത്ത് ഉണ്ടായ അഗ്നിപർവത സ്‌ഫോടനത്തിന്റെ ബാക്കിയാണ്. ഇവിടം ചെറിയ കുന്നുകൾ നിറഞ്ഞതാണെങ്കിലും തീർത്തും ജനവാസമില്ലാത്തിടമാണ്.ഇവിടെ നിന്നും അല്പം കൂടി മാറുമ്പോൾ ചുണ്ണാമ്പ് കല്ലുകളുടെ രൂപത്തിലും കൂണുകൾ പോലെയുമുള്ള കുന്നുകൾ നിറഞ്ഞ വെളുത്ത മരുഭൂമിയാണ് കാണാൻ സാധിക്കുക. ഇങ്ങനെ ഒട്ടേറെ അത്ഭുതങ്ങൾ സഹാറയിൽ മറഞ്ഞിരിക്കുന്നുണ്ട്.