November 27, 2024, 9:01 pm

ടെറാക്കോട്ട സൈന്യം വെളിപ്പെട്ടിട്ടും അജ്ഞാതമായി തുടരുന്ന ആദ്യ ചൈനീസ് ചക്രവര്‍ത്തിയുടെ ശവകൂടീരം

ലോകത്തെ തന്നെ അമ്പരപ്പിച്ച് 1974 ല്‍ ഭൂമിക്കടിയില്‍ നിന്ന് ചൈന ഒരു സൈന്യത്തെ തന്നെ കുഴിച്ചെടുത്തു. ഇത് ‘ടെറാക്കോട്ട ആര്‍മി’ എന്ന് ലോകപ്രശസ്തമായ ആ സൈന്യം മുഴുവനും ചുട്ട കളിമണ്ണില്‍ തീര്‍ത്തതായിരുന്നു, അതും പൂര്‍ണ്ണ മനുഷ്യ രൂപത്തില്‍ യുദ്ധസന്നദ്ധരായ സൈനികരുടെ ശില്പം. ഷാങ്‌സി പ്രവിശ്യയില്‍ നിന്നായിരുന്നു ഈ ശില്പങ്ങളത്രയും കുഴിച്ചെടുത്തത്. പുരാവസ്തു ഗവേഷകരുടെ അന്വേഷണത്തില്‍ ഇത്തരം സൈനീകരുടെ വലിയൊരു ശൃംഖല തന്നെ കണ്ടെത്തി. ഈ പുരാവസ്തുക്കള്‍ ബിസി 221 മുതൽ ബിസി 210 വരെ ചൈന ഭരിച്ച ആദ്യ ചക്രവർത്തി ക്വിൻ ഷി ഹുവാഗിന്‍റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണെന്ന് കുരുതുന്നു. ഇന്ന് ഈ ടെറാക്കോട്ട സൈനികര്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പുരാവസ്തുക്കളിലൊന്നായി കണക്കാക്കപ്പെടുന്നു.

8,000 സൈനികര്‍, 520 കുതിരകളെ പൂട്ടിയ 130 രഥങ്ങൾ, 150 കുതിരപ്പടയാളികൾ എന്നിങ്ങനെ അതിവിപുലമായ സൈന്യത്തെയാണ് വയലില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍, അതിവിപുലമായ ഒരു സൈന്യത്തെ കുഴിച്ചെടുത്തെങ്കിലും ക്വിൻ ഷി ഹുവാഗിന്‍റെ ശവകുടീരം ഖനനം ചെയ്യാന്‍ പുരാവസ്തു ഗവേഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ 2000 വര്‍ഷം മുമ്പ് അടക്കം ചെയ്യപ്പെട്ട ആ ആദ്യ ചൈനീസ് ചക്രവര്‍ത്തിയുടെ ശവകുടീരത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ ഇന്നും അജ്ഞാതമായി തുടരുന്നു. ചക്രവർത്തി ക്വിൻ ഷി ഹുവാഗിന്‍റെ ശവകുടീരം തുറക്കാത്തതിന്‍റെ പ്രധാന കാരണം, അത്തരമൊരു നീക്കം സൈറ്റിന് കേടുപാട് വരുത്തുമെന്ന ആശങ്കയാണ്. ഇത്, ചൈനയുടെ ആദ്യ ചക്രവര്‍ത്തിയെ കുറിച്ചുള്ള വിലപ്പെട്ട ചരിത്രവിവരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാക്കുമെന്ന് പുരാവസ്തു ഗവേഷകര്‍ കരുതുന്നു. ‘ചക്രവർത്തിയെ അടക്കം ചെയ്തിരുന്ന വലിയ കുന്നിൽ സൈനിക ശില്പങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. ഇത് മുതിർന്നവരോടുള്ള ബഹുമാനം മൂലമാകാം. എന്നാല്‍, ഇന്നും ഈ കുന്ന് തുരന്ന് അകത്ത് കയറി ചക്രവര്‍ത്തിയുടെ ശവകുടീരം തുറന്ന് ഖനനം ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇല്ലെന്ന്,’ ടെറാക്കോട്ട വാരിയർ എക്സിബിഷന്‍റെ ക്യൂറേറ്റോറിയൽ കൺസൾട്ടന്‍റായി ജോലി ചെയ്യുന്ന പുരാവസ്തു ഗവേഷകൻ ക്രിസ്റ്റിൻ റോമി പറയുന്നു. ചൈനയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ആഢംബര ശ്മശാന സ്ഥലമായി കണക്കാക്കപ്പെടുന്ന ഈ ശവകുടീര സമുച്ചയം ഒരു ആസൂത്രിത നഗരത്തിന് സമാനമാണ്. ചക്രവർത്തി ക്വിൻ ഷി ഹുവാഗിന്‍റെ ശവകുടീരത്തിന് കാവൽ നിൽക്കുന്ന ടെറാക്കോട്ട സൈന്യത്തിൽ നിന്ന് ഏകദേശം 2,000 കളിമൺ സൈനികരെ പുരാവസ്തു ഗവേഷകർ ഇതിനകം കുഴിച്ചെടുത്തു. എന്നാല്‍ 8,000-ത്തിലധികം സൈനിക പ്രതിമകൾ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പുരാവസ്തു ഗവേഷകരുടെ കണക്ക്.

You may have missed