November 27, 2024, 10:05 pm

ചരിത്രം പുതച്ച മൂന്നാറിന്റെ കഥകൾ

നൂറ്റാണ്ടുകൾക്ക് മുൻപ് മുതുവാൻ സമുദായത്തിന്റെ മാത്രം മണ്ണായിരുന്നു മൂന്നാർ.കൊടും വനത്താൽ ചുറ്റപ്പെട്ടുകിടന്ന ഭൂമിക. പിന്നീട് പലരും മലകയറിയെത്തി കാട്‌ വെട്ടിപ്പിടിച്ചു. അതിനുശേഷം മൂന്നാറിൽ തേയിലമണം നിറഞ്ഞു. സംഭവ ബഹുലമാണ് ആ ചരിത്രം. മല കയറിയെത്തിയ പൂഞ്ഞാർ രാജവംശം 1252-ൽ മൂന്നാർ തങ്ങളുടെ അധീനതയിലാക്കി. നൂറ്റാണ്ടുകളോളം അവരുടെ ഭരണം തുടർന്നു. ടിപ്പുവിന്റെ തിരുവിതാംകൂർ പടയോട്ടകാലത്താണ് ബ്രിട്ടീഷുകാർ ഈ മണ്ണിൽ കാലുകുത്തുന്നത്. മധുരയിൽനിന്ന് ബ്രിട്ടീഷ് സൈന്യത്തെ നയിച്ച കേണൽ ആർതർ വെല്ലസ്ലി 1790 -ൽ കമ്പംമെട്ട് വഴി മൂന്നാറിലേക്ക് മല കയറി. ടിപ്പുവിനെ നേരിടാനായിരുന്നു ആ യാത്ര. യുദ്ധശേഷം ടിപ്പു മടങ്ങിയെങ്കിലും സായിപ്പ് മടങ്ങിയില്ല. പൂഞ്ഞാർ രാജാവിൽനിന്നു പാട്ടത്തിനെടുത്ത മൂന്നാറിലെ കണ്ണൻദേവൻ മലനിരകൾ ബ്രിട്ടീഷ് സൈന്യം സ്വന്തമാക്കി.1880-ൽ എ.സി.എച്ച്. ഷാർപ്പ് എന്ന വെള്ളക്കാരനാണ് മൂന്നാറിൽ ആദ്യമായി തേയിലച്ചെടി നടുന്നത് തമിഴ്നാട്ടിൽനിന്നു തൊഴിലാളികളെ സായിപ്പുമാർ ഇവിടേക്ക് റിക്രൂട്ട് ചെയ്തു. ആവശ്യത്തിന് തൊഴിലാളികളെത്തിയതോടെ മൂന്നാർ പട്ടണം സായിപ്പ് പണിതുയർത്തി . തൊഴിലാളികൾക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിനുള്ള സ്ഥാപനങ്ങളും മറ്റ് ഉല്ലാസ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരുന്നു കുതിരപ്പന്തയം , കാർ, ബൈക്ക് റേസിങ്ങുകളുമൊക്കെ സംഘടിപ്പിച്ചു. തേയില കൃഷി വളർച്ച പ്രാപിച്ചതോടെ തേയില ചുമക്കുന്നതിന് മനുഷ്യനും കന്നുകാലികളും മതിയാകാതെ വന്നു .അത് പരിഹരിക്കാനാണ് സായിപ്പ് സംസ്ഥാനത്തെ ആദ്യ റെയിൽപാത മൂന്നാറിൽ സ്ഥാപിച്ചത്. മൂന്നാറിൽനിന്നു മാട്ടുപ്പട്ടി, കുണ്ടള വഴി തമിഴ്നാട്ടിലെ തേനി ജില്ലയുടെ അതിർത്തിവരെയായിരുന്നു പാത. തേയില ചാക്കുകൾ നിറച്ച കൽക്കരിവണ്ടി 1902-ലാണ് മൂന്നാറിൽ സർവീസ് ആരംഭിച്ചത്. രാജ്യത്തെ ആദ്യ റെയിൽപ്പാതകളിലൊന്നായിരുന്നു മൂന്നാറിലെ കുണ്ടള വാലി റെയിൽവേ. ഇന്നത്തെ തേനി ജില്ലയിലെ ടോപ്പ് സ്റ്റേഷിൽനിന്നു റോപ്പ് വേയിലൂടെ ബോഡിയിലെത്തിക്കുന്ന തേയില തൂത്തുക്കുടി തുറമുഖം വഴി ഇംഗ്ലണ്ടിലെത്തിച്ചിരുന്നു. തേയില വ്യവസസായം നല്ല രീതിയിൽ നടക്കുന്ന സമയത്താണ് 1924-ലെ വെള്ളപ്പൊക്കമുണ്ടായത്.1924 ജൂലായിലാണ് പഴമക്കാർ 99-ലെ വെള്ളപ്പൊക്കം എന്നു വിളിക്കുന്ന പ്രകൃതിദുരന്തം ഉണ്ടായത്. ഒൻപത് രാവും പകലും നീണ്ടുനിന്ന മഴ മൂന്നാർ പട്ടണത്തെ ഇല്ലാതാക്കി.റെയിൽവേ സ്റ്റേഷൻ, റെയിൽപാളങ്ങൾ, റോപ്പ് വേ, വൈദ്യുതി, വീതിയേറിയ റോഡുകൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവയെല്ലാം വെള്ളപ്പൊക്കത്തിൽ തുടച്ചുനീക്കപ്പെട്ടു .നൂറിലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്.1972-ൽ ഇടുക്കി ജില്ല രൂപീകൃതമായിട്ടും മൂന്നാറിന്റെ സാധ്യതകൾ ആരും കണ്ടെത്തിയിട്ടില്ല. ഒരു വ്യാഴവട്ട കാലത്തിന് ശേഷം 1984-ൽ രാജമല മുഴുവൻ നീലക്കുറിഞ്ഞി പൂക്കളാൽ നിറഞ്ഞു. അന്ന് മുതൽ മൂന്നാറിനെ പുറംലോകം അറിഞ്ഞുതുടങ്ങി.പൂക്കാലം കാണാനെത്തിയവരെല്ലാം മൂന്നാറിന്റെ സൗന്ദര്യത്തെ പാടിപ്പുകഴ്ത്തി. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ലോകപ്രശസ്തമാകാൻ പിന്നെയും നാളുകളെടുത്തു.രാജമല കേന്ദ്രീകരിച്ച്‌ ഇരവികുളം നാഷണൽ പാർക്ക് വന്നു. അവിടെ മൂന്നാറിന്റെ മുഖമുദ്രയായ വരയാടുകൾ വംശവർദ്ധന നടത്തി. മാട്ടുപ്പെട്ടി , കുണ്ടള അണക്കെട്ടുകളിൽ ബോട്ടിങ് വന്നതോടുകൂടി സഞ്ചാരികൾ ഒഴുകിയെത്തി.താപനില മൈനസ് ആറ് വരെയെത്തുന്ന കുളിരുള്ള കാലാവസ്ഥയും തേയിലക്കാടുകളുടെ വശ്യതയും സഞ്ചാരികൾക്ക് സ്വർഗംപോലൊരു ലോകമാണ് സമ്മാനിക്കുന്നത്. തെക്കിന്റെ സ്വന്തം കാശ്മീർ. സീസൺ സമയങ്ങളിൽ ദിവസവും വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് സഞ്ചാരികളാണ് മൂന്നാർ സന്ദർശിക്കുന്നത്.എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ നൂറുവർഷം പിന്നിലാണ് മൂന്നാർ ഇപ്പോഴും. വീതിയുള്ള റോഡുകൾ, ശൗചാലയങ്ങൾ, പാർക്കിങ് സൗകര്യങ്ങൾ, ചികിത്സാ സൗകര്യം,തുടങ്ങിയ കാര്യങ്ങൾ മൂന്നാറിൽ ഇന്നും അന്യമാണ്.ടൗണിൽ ഒരു ഫ്ലൈ ഓവർ അത്യാവശ്യമാണ്. സമീപ പ്രദേശങ്ങളായ ദേവികുളവും വട്ടവടയും മനോഹരമാണ്. അവിടെയും അടിസ്ഥാനസൗകര്യങ്ങളില്ല.

You may have missed