പാസേജ് ടു ഡോയിസ് ; ദിവസത്തിൽ രണ്ട് പ്രാവശ്യം അപ്രത്യക്ഷമാകുന്ന റോഡ്
ഒരു ദിവസം രണ്ട് പ്രാവശ്യം അപ്രത്യക്ഷമാകുന്ന ഒരു റോഡ് അതും മണിക്കൂറോളം. റോഡെന്നു പറയുമ്പോൾ ചെറിയ ഇടവഴിയൊന്നുമല്ല, നല്ല തിരക്കുള്ള എപ്പോഴും വാഹനങ്ങൾ പോകുന്ന വഴിയാണ്. ഈ വിചിത്ര പ്രകൃതി പ്രതിഭാസം സംഭവിക്കുന്നത് ഫ്രാൻസിലെ പ്രശസ്തമായ പാസേജ് ഡു ഗോയിസ് എന്ന റോഡിലാണ്. 4.15 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് ദിവസത്തിൽ രണ്ടുതവണ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകുന്നു. വേലിയേറ്റം കാരണമാണ് ദിവസവും രണ്ടുതവണ റോഡ് അപ്രത്യക്ഷമാകുന്നത്. ഒരൽപ്പം സാഹസീകത നിറഞ്ഞ യാത്രയാണ് ഇത് എങ്കിലും ജീവിതത്തിൽ കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണ് പാസേജ് ടു ഡോയിസ്.
ഫ്രാൻസിലെ നോയർമോട്ടിയർ ദ്വീപിനെ ബേൺയോഫ് ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന റോഡാണ് പാസേജ് ടു ഗോയിസ്. ഈ റോഡ് വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ഒരേയൊരു പ്രശ്നം, പക്ഷേ അതുതന്നെയാണ് വലിയ പ്രശ്നവും. ദിവസത്തിൽ കുറച്ച് മണിക്കൂറുകൾ മാത്രമേ അതിൽ വാഹനമോടിക്കാൻ അനുവാദമുള്ളൂ, കാരണം ഉയരുന്ന വേലിയേറ്റങ്ങൾ ബാക്കിയുള്ള സമയങ്ങളിൽ റോഡിൽ വെള്ളപ്പൊക്കമുണ്ടാക്കും. വെള്ളപ്പൊക്കത്തിൽ റോഡ് 13 അടിയോളം വെള്ളത്തിനടിയിലാകും. പതിനാറാം നൂറ്റാണ്ടുമുതൽ ഉപയോഗത്തിലുള്ള ഈ റോഡ് 1701-ലുള്ള ഭൂപടത്തിൽ പ്രധാന ഭൂപ്രദേശത്തെ നോയർമോട്ടിയർ ദ്വീപുമായി ബന്ധിപ്പിക്കുന്നതാണെന്ന് പരാമർശിച്ചിട്ടുണ്ട്. 1840-ലെ ചരിത്ര രേഖകളിൽ ഈ പ്രകൃതിദത്ത വഴിയിലൂടെ കാറിലോ കുതിരപ്പുറത്തോ മാത്രമേ കടന്നുപോകാൻ കഴിയുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഉയർന്ന വേലിയേറ്റ സമയത്ത്, കടൽ നിരപ്പ് ഉയരുമ്പോൾ, കല്ല് പാകിയ റോഡ് 13 അടി വരെ ആഴത്തിൽ മുങ്ങിപ്പോകും. ഈ സമയം റോഡിലൂടെ സഞ്ചരിക്കുന്നവർ വരാനിരിക്കുന്ന തിരമാലയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് എല്ലായിടത്തും എഴുതിവച്ചിട്ടുണ്ട്. അപകടങ്ങൾ സംഭവിക്കുകയും അപ്രത്യക്ഷമാകുന്ന റോഡിൽ ആളുകൾ കുടുങ്ങിപ്പോകുകയും ചെയ്താൽ, ആളുകൾക്കു കയറാനും സഹായത്തിനായി കാത്തിരിക്കാനും ഉയരമുള്ള എമർജൻസി ടവറുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇനി ജലനിരപ്പ് താഴ്ന്നാൽ അപകടം നീങ്ങിയെന്നു കരുതരുത്, കടലിൽ നിന്നുള്ള പായൽ പറ്റിപ്പിടിച്ച് റോഡ് ആകെ വഴുവഴുപ്പുള്ളതായി മാറും. അതുകൊണ്ട് റോഡ് മനോഹരമായി കാണപ്പെടുമെങ്കിലും, വളരെ അപകടം നിറഞ്ഞ സ്ഥലം തന്നെയാണിത്. ഈ പ്രതിഭാസം കാണുന്നതിനായി നിരവധി സഞ്ചാരികൾ എത്താറുണ്ടെങ്കിലും കൃത്യമായ തയാറെടുപ്പുകൾ നടത്താത്തവർ പലപ്പോഴും ഇവിടെ കുടുങ്ങിപ്പോകാറുണ്ട്. കാര്യമിതൊക്കെയാണെങ്കിലും തിരക്കേറിയ ഒരു വിനോദസഞ്ചാരകേന്ദ്രമാണിവിടം. മാത്രമല്ല എല്ലാ വർഷവും ഇവിടെ റോഡ് ക്രോസ് ചെയ്യുന്ന ഒരു കാൽനട മത്സരപരിപാടിയും സംഘടിപ്പിക്കാറുണ്ട്.