ഓപ്പൺഹൈമറിനു പിന്നാലെ ‘ബോണ്ട്’ സിനിമ സംവിധാനം ചെയ്യാന്‍ ക്രിസ്റ്റഫര്‍ നോളൻ
ജയിംസ് ബോണ്ട് ലോക സിനിമാചരിത്രത്തിൽ ഇത്രയധികം ഏറ്റുപാടി വാഴ്ത്തപ്പെട്ട മറ്റൊരു സിനിമാപരമ്പര ഉണ്ടാകില്ല. ഇതിഹാസമായി മാറിയ ജയിംസ് ബോണ്ട് സിനിമാപരമ്പരയിലെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതിനുള്ള അവസരം തേടിയെത്തിയിരിക്കുന്നത് സാക്ഷാൽ ക്രിസ്റ്റഫർ നോളനെയാണ്. ആറ്റംബോംബിന്റെ കഥ പറയുന്ന ‘ഓപ്പൺഹൈമർ’ തിയറ്ററിൽ ഹിറ്റ്തരംഗം സൃഷ്ടിച്ചു മുന്നേറുന്നതിനിടെയാണ് നോളനെത്തേടി ബോണ്ടിന്റെ ബമ്പർ ലോട്ടറി എത്തിയത്. വളരെ അപ്രതീക്ഷിതമായ ഒരു അവസരം എന്നാണ് കേട്ടയുടൻ നോളന്റെ പ്രതികരണം. മൾട്ടിപ്ലക്സുകളിൽ ഓപ്പൺഹൈമറെ ഏറ്റെടുത്ത മലയാളി പ്രേക്ഷകർക്കും ഇത് ത്രില്ലടിപ്പിക്കുന്ന വാർത്തയായി. അടുത്ത ബോണ്ടിനെ കാത്തിരിക്കാൻ ഇനി ഒരു പുതിയ കാരണം കൂടിയാകും, ടെക്നോളജിയുടെ റിയൽ തലങ്ങളിലേക്കുകൂടി സിനിമയെ കൊണ്ടെത്തിക്കാൻ സാധിക്കുന്ന ക്രിസ്റ്റഫർ നോളന്റെ സംവിധാന മികവ്. 1962 ഒക്‌ടോബർ അഞ്ചിനായിരുന്നു ആദ്യ ബോണ്ട് ചിത്രത്തിന്റെ റിലീസ്. ജയിംസ് ബോണ്ട് എന്ന സൂപ്പർഹീറോയെ കേന്ദ്രകഥാപാത്രമാക്കിയ ആദ്യചലച്ചിത്രം ആറു പതിറ്റാണ്ടു പിന്നിടുമ്പോഴും ആ കഥാപാത്രത്തിന്റെ അമാനുഷികതയോടു പ്രേക്ഷകർക്കു തോന്നിയ അതിശയത്തിനും ആർപ്പുവിളിക്കും തെല്ലും പ്രഭാവം കുറഞ്ഞിട്ടില്ല. 007 എന്ന കോഡ് നമ്പരുകാരന്റെ സിനിമകൾ ലോകത്തിന്റെ എല്ലായിടത്തുമായി ലക്ഷക്കണക്കിന് ആരാധകരെ സൃഷ്‌ടിച്ചിട്ടുണ്ട്. സിനിമയിലെ 007 എന്ന കോഡ് നമ്പരും അയാളുടെ തോക്കും വേഷവും കുറ്റാന്വേഷണ രീതിയുമൊക്കെ മൂന്നു തലമുറകളെ സ്വാധീനിച്ചു.ഓരോ സിനിമയിലും സ്വയം നവീകരിച്ച് തികച്ചും പുതിയ സാങ്കേതിക മികവോടെ പുറത്തിറങ്ങി മടുപ്പിക്കാത കഥ പറയുന്നതുകൊണ്ടാണ്ടായിരിക്കാം ബോണ്ട് പരമ്പരയിലെ ഒരു സിനിമപോലും ഇതുവരെ ബോക്‌സ് ഓഫിസിൽ ക്ലിക്കാകാതെ പോയില്ല. ഇതത്രയും ചരിത്രം. എന്നാൽ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്നു പറയുന്നതുപോലെയായിരിക്കും ജയിംസ് ബോണ്ട് സീരിസിലേക്കുള്ള നോളന്റെ ഗ്രാൻഡ് എൻട്രി.
ആദ്യ ബോണ്ട് ചിത്രം: ലാഭം 330 കോടി!
1962ലാണ് ആദ്യ ബോണ്ട് സിനിമ ‘ഡോക്‌ടർ നോ’ പുറത്തിറങ്ങുന്നത്. 1958ൽ പുറത്തിറങ്ങിയ ഫ്ലെമിങ്ങിന്റെ ഡോക്‌ടർ നോ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ആദ്യ സിനിമ പിറന്നത്. മുഖ്യകഥാപാത്രം ബ്രിട്ടിഷുകാരനായതും സിനിമയിൽ കുറച്ച് ലൈംഗികതയുള്ളതുമൊക്കെ കാരണം സിനിമയ്‌ക്കു പണമിറക്കാൻ ആദ്യം പലരും താൽപര്യം കാട്ടിയില്ല.ജയിംസ് ബോണ്ട് എന്ന അമേരിക്കൻ പക്ഷിശാസ്‌ത്രജ്‌ഞന്റെ പേരാണ് ഫ്ലെമിങ് തന്റെ കഥാപാത്രത്തിനു സ്വീകരിച്ചത്. ഇയാൻ ഫ്ലെമിങ് 1953ൽ ഇങ്ങനെയൊരു കഥാപാത്രത്തെ തന്റെ നോവലിൽ സഷ്ടിച്ചപ്പോൾ അദ്ദേഹം പോലും കരുതിക്കാണില്ല ആറു പതിറ്റാണ്ടിനപ്പുറവും പുതിയ കാല രൂപഭേദഭാവങ്ങളോടെ തന്റെ നായക കഥാപാത്രം കടലുകൾ കടന്ന് തിയറ്ററുകളെ ഇളക്കിമറിക്കുമെന്ന്.
ബ്രാൻഡ് അംബാസഡർ
ജയിംസ് ബോണ്ട് വെറുമൊരു സിനിമാ കഥാപാത്രം മാത്രമല്ല; നല്ല ഒന്നാന്തരം കച്ചവടക്കാരൻ കൂടിയാണ്. ലോകത്തെ നമ്പർ വൺ ബ്രാൻഡുകളുടെ തിയറ്റർ അംബാസഡർ. ഓരോ സിനിമയിലും അക്കാലത്തെ ലേറ്റസ്റ്റ് ഫാഷനും ടെക്നോളജിയും ആക്സസറീസും പരസ്യം ചെയപ്പെടുക കൂടിയായിരുന്നു. സിനിമയിൽ ഉപയോഗിക്കുന്ന എല്ലാറ്റിന്റെയും ബ്രാൻഡ് നെയിമുകൾ സിനിമയിൽ കാണിക്കുന്നതിന് അതത് കമ്പനികൾ കോടികൾ നൽകണം. ഫോർഡ് കമ്പനി, ഒമേഗ വാച്ചുകൾ, സ്‌മിർനോഫ് മദ്യം തുടങ്ങി മുൻനിര കമ്പനികളുടെ പരസ്യംകൂടി നായകൻ ബോണ്ട് ചെയ്‌തുകൊള്ളും. ഇതിനെല്ലാം നിർമാതാക്കൾ വാങ്ങുന്നത് കോടികളാണെന്നു മാത്രം. ലോകം മുഴുവൻ കാണാൻ കാത്തുകെട്ടിക്കിടക്കുന്ന ബോണ്ടിനു വേണ്ടി എത്ര പണമൊഴുക്കാനും വൻകിട ബ്രാൻഡുകൾ തയാർ. ക്രിസ്റ്റഫർ നോളന്റെ പുതിയ ബോണ്ട് ചിത്രത്തെക്കുറിച്ചുള്ള ആരാധകചർച്ചകൾ ഇപ്പോഴേ ചൂടുപിടിച്ചു കഴിഞ്ഞു. ആറ്റംബോബുകൊണ്ടുവരെ ബോണ്ട് ഇനി അമ്മാനമാടുമോ എന്നതു കണ്ടറിയണം. എന്തായാലും ബോണ്ടും നോളനും കൂടിയുള്ള മാരക കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബോണ്ട് ചിത്രത്തിനുവേണ്ടിയാവട്ടെ ഇനിയുള്ള കാത്തിരിപ്പ്.