ഭാന്ഗ്ര കോട്ട; പ്രേതങ്ങളുടെ താഴ്വാരം
അത്ഭുത കഥകൾക്കും പ്രേത കഥകൾക്കും മന്ത്രവാദ കഥകൾക്കും ഒന്നും പഞ്ഞമില്ലാത്ത ഈ ലോകത്ത് അത്ഭുതങ്ങളുടെ പറുദീസയായി ഒട്ടേറെ സ്ഥലങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് നമ്മുടെ ഭാരതത്തിൽ ആണ് എന്നറിയുമ്പോൾ നമുക്ക് ഒരു പക്ഷെ അത്ഭുതം തോന്നിയേക്കാം ആർക്കിയോളജിക്കൽ ഇന്ത്യ പോലും രാത്രിയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയ സ്ഥലം.പ്രേതങ്ങളുടെ താഴ്വാരം എന്നറിയപ്പെടുന്ന ഭാന്ഗ്ര കോട്ട. കേൾകുന്ന കഥകളൊക്കെയെയും സത്യമോ മിഥ്യയോ എന്നറിയില്ല പക്ഷെ രാത്രികാലങ്ങളിൽ അവിടെ അസാധാരണമായ പലതും നടക്കുന്നതായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പോലും രേഖപ്പെടുത്തിയിരിക്കുന്നു . ഭാന്ഗ്ര രാജസ്ഥാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം. 17-ാം നുറ്റാണ്ടിൽ നിർമ്മിച്ച ഈ കൊട്ടാരം ഇന്ന് നാമാവശേഷമായി കൊണ്ടിരിക്കുകയാണ്. ഭാന്ഗ്ര ഒരു പക്ഷെ ഒരു ചെറിയ നാടുരാജ്യമായിരിക്കാം ഏകദേശം 10000 ഓളം ജനങ്ങൾ അവിടെ താമസിചിട്ടുണ്ടാകും എന്ന് വീടുകളുടെയും മറ്റും കണക്കു നോക്കി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പറയുന്നു. കോട്ടയെ ചുറ്റിപറ്റി വാമൊഴിയായി പറഞ്ഞു കേൾകുന്ന ഒരു കഥയാണ് ഇന്നും നാട്ടുകാരുടെ ഇടയിലെ വിശ്വാസ്യത. ഭാന്ഗ്രയിലെ അതിസുന്ദരിയായ ഒരു രാജകുമാരിയായിരുന്നു രത്നാവതി. അവളുടെ സൗന്ദര്യം നാട് മുഴുവനും ചർച്ചയായിരുന്നു. നാടുവിട്ടു പരദേശങ്ങളിലും അവളുടെ സൗന്ദര്യത്തിന്റെ അലയൊലികൾ എത്തിതുടങ്ങിയപ്പോൾ അന്യദേശത്തു നിന്ന് പോലും രാജകുമാരന്മാർ അവളെ തേടി എത്തിതുടങ്ങി. രത്നാവതി എന്ന സുന്ദരിയെ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചവരിൽ അവിടെ തന്നെ താമസിക്കുന്ന ഒരു മന്ത്രവാദിയും ഉണ്ടായിരുന്നു. അയാൾ പല അടവുകളിലുടെയും രാജകുമാരിയെ സ്വന്തമാകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അയാളുടെ ഇന്ഗിതം മനസ്സിലാകിയ രാജകുമാരി എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി. മന്ത്രവാദത്തിൽ അഗ്രഗണ്യനായ അയാൾ അവസാനം മന്ത്രവാദത്തിലൂടെ രാജകുമാരിയെ വശീകരിച്ചു സ്വന്തമാക്കാനുള്ള പരിപാടികൾ തുടങ്ങി ഭ്രിത്യന്മാരിൽ നിന്നും ഈ വിവരം അറിഞ്ഞ രാജകുമാരി ഭടന്മാരെ വിട്ടു മന്ത്രവാദിയെ വധിച്ചു. മരിക്കും മുൻപ് മന്ത്രവാദി കോട്ടയെ ശപിച്ചു താമസിയാതെ കോട്ടയും ആ നാടും നശിച്ചു പോകും എന്നും ഒരിക്കലും ഞാനും എന്റെ മന്ത്രവാദ കർമ്മങ്ങളുടെ ശക്തിയും അവിടെ ആരെയും ഒരു കാലത്തും സ്വസ്ഥമായി താമസിക്കാൻ അനുവദിക്കില്ല എന്നും. താമസിയാതെ മുഗളന്മാർ കോട്ട ആക്രമിച്ചു രാജകുമാരിയടക്കം ആ നാടിലുള്ള സകലരെയും കൊന്നു തള്ളി കോട്ടയ്ക്കു തീയിട്ടു. ഇന്നും ആ പ്രേതാത്മാക്കൾ ആ കോട്ടയിൽ അലഞ്ഞു തിരിയുന്നതായി അവിടത്തുകാർ വിശ്വസിക്കുന്നു. എന്തായാലും സൂര്യാസ്തമയത്തിനു ശേഷം ഇന്നും കോട്ടയുടെ അകത്തേക്ക് ആരും പ്രവേശിക്കാറില്ല വിലക്ക് ലംഘിച്ച് ചില ആളുകൾ രാത്രിയിൽ കോട്ടക്ക് ഉള്ളിൽ കടന്നു പിറ്റേന്ന് അവിടെ അവരുടെ ശവശരീരം മാത്രമാണ് കണ്ടെത്തിയത്. ഒന്നിലേറെ തവണ ഇത് സംഭവിച്ചപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നേരിട്ട് തന്നെ അവിടെ ഒരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പാരാനോർമ്മൽ ആക്റ്റിവിറ്റിയെപ്പറ്റി ഗവേഷണം നടത്തുന്ന പലരും ഇവിടെയെത്തി അന്യരാജ്യങ്ങളിൽ നിന്നുള്ളവർ പോലും രാത്രികാലങ്ങളിൽ ക്യാമറയുമായി അവർ കോട്ടയിൽ കാവലിരുന്നു. അസാധാരണമായ ചില അനുഭവങ്ങളാണ് തങ്ങൾക്കുണ്ടായതെന്ന് അവരും പറയുന്നു. എല്ലാവരും ഒരു കാര്യം ഉറപ്പിച്ചു പറയുന്നു പാരാനോർമ്മൽ ആക്റ്റിവിറ്റി പലതും ആ കോട്ടക്കുള്ളിൽ നടക്കുന്നു.ഈ കൊട്ടയെപ്പറ്റി പല ഡോക്യൂമെന്ററികളും ഇന്ന് നിലവിലുണ്ട്. അതിൽ പലതും യൂട്യൂബിൽ കാണുകയും ചെയ്യാം. ഇന്ന് ഭാരതത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ഇവിടേക്ക് നിരവധി സഞ്ചാരികളാണ് ദിവസവും വന്നെത്തുന്നത്. പക്ഷെ ഇപ്പോഴും സുര്യൻ അസ്തമിച്ചാൽ പിന്നെ അതിനകത്തേക്ക് പ്രവേശനമില്ല .