November 27, 2024, 10:17 pm

ശാസ്ത്ര ലോകത്തെ കുഴയ്ക്കുന്ന ‘മഞ്ഞ് മനുഷ്യന്‍’

കാലങ്ങളായി മനുഷ്യന് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളിലൊന്നാണ് പര്‍വ്വത നിരകളുടെ മുകളില്‍ കാണപ്പെടുന്ന മഞ്ഞുമനുഷ്യന്മാരെ പറ്റി. പുരാണ ഗ്രന്ഥങ്ങളിലും നാടന്‍ കഥകളിലും ഇവയെ പറ്റിയുള്ള കഥകള്‍ ധാരാളമുണ്ടെങ്കിലും ഈ വിഭാഗം പര്‍വ്വതങ്ങളില്‍ എവിടെയാണ് വസിക്കുന്നതെന്നോ ഇവയ്ക്ക് പിന്നിലെ രഹസ്യമെന്തെന്നോ കണ്ടെത്താന്‍ ശാസത്ര ലോകത്തിന് സാധിച്ചിട്ടില്ല. പല പരമ്പരാഗത മിത്ത് കഥകളില്‍ യതി എന്ന പേരിലും ഈ പര്‍വ്വത മനുഷ്യര്‍ അറിയപ്പെടുന്നു. എന്നാല്‍ ഇവ യഥാര്‍ത്ഥത്തില്‍ മനുഷ്യ വിഭാഗമല്ലെന്നും കരടി വര്‍ഗ്ഗമാണെന്നുമുള്ള പുതിയ കണ്ടെത്തലുകളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.2019 ഏപ്രില്‍ 9, ഹിമാലയത്തിലെ മകാലു ബേസ് ക്യാമ്പിനടുത്തായി പര്‍വ്വതാരോഹണം നടത്തുകയായിരുന്ന ഇന്ത്യന്‍ പട്ടാളസംഘം അസാമാന്യ വലിപ്പത്തിലുള്ള കാല്‍പ്പാടുകള്‍ കണ്ടിരുന്നു . ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള ആ കാല്‍പ്പാദത്തിന്റെ ചിത്രം അവര്‍ ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു. ഹിമാലയന്‍- ടിബറ്റന്‍ മേഖലകളിലെ നാടോടിക്കഥകളില്‍ പ്രതിപാദിക്കുന്ന യതിയുടെ കാല്‍പ്പാടുകളാണോ ഇത് എന്നൊരു സംശയം കൂടി അവര്‍ ചിത്രത്തിനൊപ്പം പങ്കുവെച്ചു. പതിറ്റാണ്ടുകളായി ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന യതി എന്ന ദുരൂഹ ഹിമ മനുഷ്യന്‍ അങ്ങനെ വീണ്ടും വലിയ ചര്‍ച്ചയായി. ഇതിനു മുൻപും നിരവധി പര്‍വ്വതാരോഹകര്‍ യതിയെ കണ്ടതായും യതിയുടെ കാല്‍പ്പാടുകള്‍ കണ്ടതായും പറഞ്ഞിട്ടുണ്ടെങ്കിലും അതിനൊന്നും കൃത്യമായ തെളിവുകളോ ലഭിച്ച തെളിവുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയോ ഉണ്ടായിരുന്നില്ല. ഏഷ്യന്‍ പ്രവിശ്യകളിലെ മഞ്ഞുമൂടിയ മലനിരകളില്‍ ജീവിക്കുന്നു എന്ന് കരുതപ്പെടുന്ന ഭീമാകാരനായ മഞ്ഞുമനുഷ്യന്‍, അതാണ് യതിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. യതി ഒരു മിത്ത് അല്ല എന്നും ഹിമാലയത്തില്‍ ഇപ്പോഴും യതി ജീവിക്കുന്നുണ്ട് എന്നും ഹിമാചല്‍, തിബറ്റന്‍, നേപ്പാള്‍ മേഖലകളിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. മനുഷ്യന് ചെന്നെത്താന്‍ കഴിയാത്തതോ മനുഷ്യന്‍ അധികം യാത്ര ചെയ്യാത്തതോ ആയ മഞ്ഞുമലകളിലാണ് യതി ജീവിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. ഇന്ത്യ, നേപ്പാള്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ മഞ്ഞുമൂടിയ മലനിരകളില്‍ യതിയെ കണ്ടിട്ടുണ്ട് എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നിരവധിയുണ്ട്. മനുഷ്യൻ എന്നതിലുപരി വലിയ ആള്‍ക്കുരങ്ങുകളോടും കരടിയോടും സാദൃശ്യം പുലര്‍ത്തുന്ന യതിയെ കണ്ടിട്ടുണ്ടെന്നും യതിയുടെ കാല്‍പ്പാടുകള്‍ കണ്ടിട്ടുണ്ടെന്നും പര്‍വ്വതാരോഹകർ അവകാശപ്പെടുന്നുണ്ട്. ഇതിനായി വീഡിയോകളും ഫോട്ടോഗ്രാഫുകളും അവര്‍ തെളിവായി നിരത്തുകയും ചെയ്തിരുന്നു . പക്ഷേ, ശാസ്ത്രലോകം ഇതൊന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഏകദേശം ഏഴടിവരെ ഉയരവും 200-കിലോയ്ക്കടുത്ത് ഭാരവും ചാരനിറത്തിലും മങ്ങിയ വെള്ള നിറത്തിലുമുള്ള രോമാവൃതമായ ശരീരത്തോടും കൂടിയ ജീവിയാണ് യതി എന്നാണ് പൊതുവില്‍ യതിവാദികള്‍ പറയുന്നത്.ഏഷ്യക്കാരെ സംബന്ധിച്ചിടത്തോളം ടിബറ്റന്‍ – ബുദ്ധിസ്റ്റ് നാടോടിക്കഥയിലെ അമാനുഷിക കഥാപാത്രമാണ് യതി. ടിബറ്റിലെയും നേപ്പാളിലെയും ഹിമാലയത്തിലെയുമൊക്കെ ഏറ്റവും ഉയര്‍ന്ന മഞ്ഞുപ്രദേശങ്ങളില്‍ താമസിക്കുന്ന തദ്ദേശീയരായ ഷേര്‍പ്പാ വംശജര്‍ക്കിടയിലാണ് യതി പ്രധാന കഥാപാത്രമായി എത്തുന്ന നാടോടിക്കഥകളുള്ളത്. ഷേര്‍പ്പാ ഭാഷയിലുള്ള വാക്കാണ് യതി. പ്രാദേശികമായി മെഹ്‌ടെക് എന്നും വിളിക്കപ്പെടുന്നു. ദേഹം മുഴുവന്‍ രോമാവൃതമായ, പകുതി മനുഷ്യനും പകുതി മൃഗവുമായ ജീവിയാണ് നാടോടിക്കഥകളിലെ യതി. മനുഷ്യരുടെ കണ്ണിൽപ്പെടാതെ മഞ്ഞുമലകളില്‍ കഴിയാനാണ് ഇവ ഇഷ്ടപ്പെടുന്നത്. നാടോടിക്കഥകളും മിത്തുകളുമൊക്കെ കൊണ്ട് സമ്പന്നമാണ് മനുഷ്യന്റെ ചരിത്രം. ശാസ്ത്രത്തിന്റെ പുരോഗതിയോടെ ഇത്തരം പല കഥകളും വെറും കെട്ടുകഥകളായി അവശേഷിക്കപ്പെടുകയും ചിലത് സത്യങ്ങളായി പരിണമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയമായ വിശദീകരണങ്ങള്‍ പല തവണ വന്നിട്ടും ഒരു വിഭാഗം പേര്‍ ഇപ്പോഴും ശരിയെന്നു വിശ്വസിക്കുന്ന സമസ്യകളില്‍ ഒന്നായി യതി ഇപ്പോഴും തുടരുന്നു.

You may have missed