November 27, 2024, 10:13 pm

ഇതിഹാസ ചലച്ചിത്രകാരൻ സത്യജിത് റേയുടെ മൂന്ന് ക്ലാസിക് സിനിമകളുടെ അവകാശം വിൽക്കുന്നു

കൊൽക്കത്ത : ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇതിഹാസ സംവിധായകൻ സത്യജിത് റേയുടെ മൂന്ന് ക്ലാസിക് സിനിമകളുടെ അവകാശം വിൽക്കാൻ ഒരുങ്ങി നിർമ്മാതാക്കൾ . ബംഗാളി സിനിമ ലോകത്തെയാകെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ഈ വാർത്ത പുറത്തുവന്നത്. സത്യജിത് റേയുടെ ‘ഗൂപ്പി ഗൈൻ ബാഗ ബൈൻ’ (Goopy Gyne Bagha Byne), ‘ആരണ്യേർ ദിൻ രാത്രി’ (Aranyer Din Raatri), ‘പ്രതിധ്വന്തി’ (Pratidwandi) എന്നീ മൂന്ന് ചിത്രങ്ങളുടെ അവകാശമാണ് കൊൽക്കത്ത ആസ്ഥാനമായുള്ള നിർമാതാവ് വിറ്റഴിക്കുന്നത്. അമേരിക്കൻ ചലച്ചിത്ര വിതരണ കമ്പനിയായ ‘ജാനസ് ഫിലിംസ്’ ആണ് സത്യജിത് റേയുടെ കാലാതീതമായ ഈ മൂന്ന് ചിത്രങ്ങളുടെ അവകാശം സ്വന്തമാക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. താൻ ഈ മൂന്ന് സിനിമകൾ വിൽക്കുകയാണ് എന്ന് മൂന്ന് സിനിമകളും നിർമ്മിച്ച പ്രൊഡക്ഷൻ ഹൗസിന്‍റെ പിൻഗാമി അരിജിത് ദത്ത് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ജാനസ് ഫിലിംസുമായി ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സിനിമകൾ സംരക്ഷിക്കുന്നത് ഒരു അധിക തലവേദനയായി മാറുകയാണെന്നും ഇതിന് ധാരാളം പണം ആവശ്യമാണ്. മുറി മുഴുവൻ ദിവസം മുഴുവൻ എയർകണ്ടീഷൻ ചെയ്യണം. അത് വളരെ ചെലവേറിയതാണ്. അതിനാലാണ് എന്‍റെ ഈ തീരുമാനം എന്നാണ് അദ്ദേഹം അറിയിച്ചത് . മുൻപ് ജാനസ് ഫിലിംസ് സത്യജിത് റേയുടെ ‘അപു സിനിമ ത്രയം’ (പാഥേര്‍ പാഞ്‌ജാലി, അപരാജിതോ, അപുര്‍ സന്‍സാര്‍) സംരക്ഷിച്ചിരുന്നു. അതേസമയം പൂർണിമ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ 1969-ൽ ആണ് ‘ഗൂപ്പി ഗൈൻ ബാഗ ബൈൻ’ പുറത്തിറങ്ങിയത്. 1970ൽ പ്രിയ ഫിലിംസ് ആണ് ‘ആരണ്യേർ ദിൻ രാത്രി’, ‘പ്രതിധ്വന്തി’ എന്നിവ നിർമ്മിച്ചത് . ഈ മൂന്ന് ചിത്രങ്ങളിൽ, ‘ഗൂപ്പി ഗൈൻ ബാഗ ബൈൻ’ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. നർമ്മവും , ബൗദ്ധികവുമായ സ്‌പർശനങ്ങളാൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആകർഷിക്കാൻ ഈ ചിത്രത്തിനായി.ആരണ്യേർ ദിനരാത്രി’, ‘പ്രതിധ്വന്തി’ എന്നിവയിലൂടെ ആധുനിക സമൂഹത്തിലെ പോരാട്ടങ്ങളെയാണ് റേ അവതരിപ്പിച്ചത്. 29 ഫീച്ചര്‍ സിനിമകളിലൂടെയും ഏഴു ഹ്രസ്വ – രേഖ ചലച്ചിത്രങ്ങളിലൂടെയും ഇന്ത്യന്‍ സിനിമയ്‌ക്ക് റേ നൽകിയ സംഭാവനകൾ വിവരണാതീതമാണ്. 1978-ല്‍ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ എക്കാലത്തെയും മഹാന്മാരായ മൂന്നു ചലച്ചിത്രകാരന്മാരെ തെരഞ്ഞെടുത്തപ്പോള്‍ അക്കൂട്ടത്തിൽ അനശ്വര ചലച്ചിത്രകാരൻ റേയും ഉണ്ടായിരുന്നു. ചാപ്ലിനോടും ബെര്‍ഗ്മാനോടുമൊപ്പം ആണ് റേ സ്ഥാനം പിടിച്ചത്.അറുനൂറ് വര്‍ഷത്തെ ചരിത്രമുള്ള ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി ഡോക്‌ടറേറ്റ് നല്‍കി ആദരിക്കുന്ന രണ്ടാമത്തെ ചലച്ചിത്രകാരനാണ് റേ എന്നതും ശ്രദ്ധേയം. 16 വര്‍ഷം മുമ്പ് ചാര്‍ലി ചാപ്ലിന് മാത്രം നല്‍കപ്പെട്ട ആ ബഹുമതി റേക്ക് ലഭിക്കുന്നത് 1978ലാണ്. ഏറ്റവുമൊടുവില്‍, രോഗശയ്യയിലായിരിക്കെ ഓസ്‌കറും അദ്ദേഹത്തിന് നല്‍കപ്പെട്ടു. അദ്ദേഹത്തിന്‍റെ വിയോഗത്തിന് മാസങ്ങൾക്ക് മുമ്പ് 1992ലാണ് 64-ാമത് ഓസ്‌കാർ സമ്മാനിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ലോസ് ഏഞ്ചൽസിലേക്ക് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പകരം അദ്ദേഹം ഒരു വീഡിയോ സന്ദേശം അയച്ചു. തുടർന്ന് ആശുപത്രി കിടക്കയിൽ വെച്ചാണ് റേ ഈ ബഹുമതി സ്വീകരിച്ചത്. ഇതിഹാസ നടൻ ഓഡ്രി ഹെപ്ബേണാണ് റേയുടെ അവാർഡ് പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര നിർമാതാക്കളിലും പ്രേക്ഷകരിലും മായാത്ത സ്വാധീനം ചെലുത്തിയിട്ടുള്ള റേയുടെ അഗാധമായ മാനവികതയും ചലച്ചിത്രകലയുടെ അപൂർവമായ വൈദഗ്ധ്യവുമാണ് അദ്ദേഹത്തിന്‍റെ സൃഷ്‌ടികൾ എന്നാണ് താരം വിശേഷിപ്പിച്ചത്.ഒരു വിശ്വചലച്ചിത്രകാരന് ലഭിക്കാവുന്ന പരമോന്നത ബഹുമതികളെല്ലാം സത്യജിത് റേയെ തേടിയെത്തിയിരുന്നു. അത്തരം ഒരു ഇതിഹാസ ചലച്ചിത്രകാരന്‍റെ ക്ലാസിക് സിനിമകളുടെ അവകാശമാണ് ഇപ്പോൾ നിർമാതാക്കൾ വിൽക്കാൻ ഒരുങ്ങുന്നത്.

You may have missed