April 4, 2025, 8:14 pm

എ ഐ ക്യാമറ ; ‘റോഡ് അപകട മരണനിരക്കിൽ വലിയ കുറവ്, രക്ഷിക്കാനായത് നിരവധി ജീവനുകൾ’

സംസ്ഥാനത്ത് എ.ഐ. ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായി. 2022 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് 3316 റോഡ് അപകടങ്ങളില്‍ 313 പേര്‍ മരിക്കുകയും 3992 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എന്നാല്‍ എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം രണ്ടാം മാസമായ 2023 ജൂലൈയില്‍ സംസ്ഥാനത്ത് 1201 റോഡപകടങ്ങളില്‍ 67 പേര്‍ മരിക്കുകയും 1329 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. റോഡ് അപകടങ്ങളില്‍ പരിക്കു പറ്റിയവര്‍ ആശുപത്രികളിലുള്ളതിനാല്‍ മരണത്തിന്റെ എണ്ണത്തില്‍ ഇനിയും വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ മാസങ്ങളില്‍ തന്നെ നിരവധി വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചെന്നും മന്ത്രി അറിയിച്ചു .