പാസ്‌പോര്‍ട്ടില്ലാതെ ഏതു രാജ്യത്തേക്കും യാത്ര ചെയ്യാം
വിദേശത്തേക്കു പോകണമെങ്കില്‍ പാസ്‌പോര്‍ട്ട് വേണം എന്നു നമുക്കറിയാം. രാജ്യത്തെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയാലും പാസ്‌പോര്‍ട്ട് വേണം. ഈ പാസ്‌പോര്‍ട്ടില്ലാതെ ഒരാള്‍ക്കു പോലും മറ്റൊരു രാജ്യം സന്ദര്‍ശിക്കാനാവില്ലെന്നാണ് നിങ്ങളുടെ ധാരണയെങ്കില്‍ തെറ്റി. ഭൂമിയില്‍ നിലവില്‍ ജീവിച്ചിരിക്കുന്ന ‘മൂന്നു’ പേര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ ഏതു വിമാനത്താവളത്തിലേക്കും പോകാം .ലോക നേതാക്കളില്‍ പലര്‍ക്കും വിസ ആവശ്യമില്ലാതെ സന്ദര്‍ശിക്കാനുള്ള അനുമതി പല രാജ്യങ്ങളും നല്‍കാറുണ്ട്. എന്നാല്‍ ലോകം മുഴുവന്‍ പാസ്‌പോര്‍ട്ടില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്നവര്‍ മൂന്നേ മൂന്നു പേര്‍ മാത്രം. ആരൊക്കെയാണ് ആ മൂന്നുപേര്‍? അവര്‍ക്കുമാത്രം എന്താണിത്ര പ്രത്യേകത?
ജപ്പാന്റെ രാജാവും രാജ്ഞിയും
ലോകത്തെ തന്നെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. സ്ഥിരമായി ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തുന്ന നാട്. ജപ്പാന്‍ പൗരന് വീസയില്ലാതെ 189 രാജ്യങ്ങള്‍ വരെ സന്ദര്‍ശിക്കാനാവും. ജപ്പാനിലെ ഇംപീരിയല്‍ രാജകുടുംബത്തിലെ 126–ാമത് ചക്രവര്‍ത്തിയായ നറൂഹിതോക്കും ഭാര്യ ചക്രവര്‍ത്തിനി മസാക്കോക്കും ലോകത്തെ ഏതു രാജ്യത്തേക്കും പാസ്‌പോര്‍ട്ടില്ലാതെ സന്ദര്‍ശിക്കാനാവും. തങ്ങളുടെ ചക്രവര്‍ത്തിക്കും ചക്രവര്‍ത്തിനിക്കും ‘പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് ഉചിതമല്ല’ എന്നാണ് ജാപ്പനീസ് വിദേശകാര്യമന്ത്രാലയം ഇതേക്കുറിച്ച് പറയുന്നത്. അതേസമയം ഇംപീരിയല്‍ ഫാമിലിയിലെ മറ്റ് അംഗങ്ങള്‍ക്ക് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുകള്‍ ജപ്പാന്‍ അനുവദിക്കാറുണ്ട്.
ചാള്‍സ് മൂന്നാമന്‍
ബ്രിട്ടീഷ് രാജാവായ ചാള്‍സ് മൂന്നാമനും പാസ്‌പോര്‍ട്ടില്ല. ചാള്‍സിന്റെ അമ്മയായ എലിസബത്ത് രാജ്ഞിക്കും പാസ്‌പോര്‍ട്ട് ഇല്ലാതെ തന്നെ ലോകമെങ്ങും യാത്ര ചെയ്യാന്‍ സാധിച്ചിരുന്നു. രാജാവിന്റെ പേരിലാണ് ബ്രിട്ടന്‍ അവരുടെ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ രാജാവിനു തന്നെ പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് ഉചിതമല്ലെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ വാദം. അതേസമയം രാജ്ഞി കാമില്ലക്കും വില്യം രാജകുമാരനുമെല്ലാം ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുണ്ട്.ഈ വര്‍ഷം മുതലാണ് ചാള്‍സിന്റെ പേരിലുള്ള പാസ്‌പോര്‍ട്ടുകള്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് അനുവദിച്ചു തുടങ്ങിയത്. ഇതുവരെ എലിസബത്ത് രാജ്ഞിയുടെ പേരിലായിരുന്നു പാസ്‌പോര്‍ട്ടുകള്‍ ബ്രിട്ടീഷുകാര്‍ക്ക് അനുദിച്ചിരുന്നത്. ബ്രിട്ടീഷ് റോഡുകളില്‍ വാഹനം ഓടിക്കുന്നതിന് ചാള്‍സിന് ഡ്രൈവിങ് ലൈസന്‍സിന്റെയും ആവശ്യമില്ല.