November 27, 2024, 10:13 pm

കാത്തിരിപ്പിനൊടുവിൽ ‘ബറോസ്’ എത്തുന്നു

മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ സംവിധായകനാകുന്ന ആദ്യ സിനിമ, ബറോസ് ഡിസംബറില്‍ തിയേറ്ററുകളിലെത്തും. സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ പൂര്‍ത്തിയായി. ശേഷിച്ച ജോലികള്‍ ഇപ്പോള്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പുരോഗമിക്കുകയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ബറോസിന്റെ സ്പെഷല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലന്‍ഡ‍ിലുമാണ് ചെയ്യുന്നത്. മറ്റു ജോലികള്‍ മിക്കതും പൂര്‍ത്തിയായി. ബ്രഹ്മാണ്ഡ ചിത്രമായ ബറോസ് ഡിസംബറില്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. കേന്ദ്രകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ തന്നെയാണെങ്കിലും 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായി ലാല്‍ സംവിധായകന്റെ കുപ്പായമണിയുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് – ശ്രീകര്‍ പ്രസാദ്. പ്രമുഖ കലാസംവിധായകന്‍ സന്തോഷ് രാമനാണ് സിനിമയിലെ മറ്റൊരു നിര്‍ണായക ഘടകം. സംഗീതം ലിഡിയന്‍ നാദസ്വരം.ഇന്ത്യയിലെ ആദ്യത്തെ 70 എംഎം സിനിമയായ പടയോട്ടവും ആദ്യ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തനും സംവിധാനം ചെയ്ത ജിജോ പുന്നൂസ് ബറോസിലൂടെ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. ബറോസും ത്രീഡി സാങ്കേതികമികവിലാണ് സ്ക്രീനുകളിലെത്തുക. മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും അമേരിക്ക, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കള്‍ സിനിമയുടെ ഭാഗമാണ്. റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ത്തന്നെ രംഗത്തെത്തും. വാസ്കോ ഡി ഗാമയുടെ അമൂല്യസമ്പത്തിന്റെ കാവല്‍ക്കാരനായ ബറോസ് 400 വര്‍ഷത്തിനിപ്പുറം ആ നിധി അതിന്റെ യഥാര്‍ഥ അവകാശിക്ക് കൈമാറാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

You may have missed