November 27, 2024, 10:02 pm

ഇന്ത്യൻ ഭാഷകളില്‍ കൂടുതല്‍ സ്വാധീനമുറപ്പിച്ച് ഗൂഗിൾ ന്യൂസ്

ന്യൂഡൽഹി : ഇന്ത്യൻ ഭാഷ വെബ് കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഗൂഗിൾ ന്യൂസിൽ രണ്ട് ഇന്ത്യ ഭാഷകൾ കൂടി ഉൾപ്പെടുത്തി. ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകളാണ് ഗൂഗിൾ ന്യൂസിൽ പുതിയതായി ഉൾപ്പെടുത്തിയ ഭാഷകൾ.
അടുത്ത ആഴ്‌ച ഈ ഭാഷകളിലും ഗൂഗിൾ ന്യൂസിൽ വാർത്തകൾ ലഭ്യമാകും. ഇതോടെ ഇന്ത്യയിലെ മൊത്തം 10 ഭാഷകളാണ് ഗൂഗിൾ ന്യൂസിൽ ലഭ്യമാകുന്നത്. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു എന്നിവയാണ് നിലവിൽ ലഭ്യമാകുന്ന മറ്റ് ഭാഷകൾ. ഈ വിപുലീകരണം ലോകമെമ്പാടുമുള്ള ആളുകൾക്ക് അവർ ഇഷ്‌ടപ്പെടുന്ന ഭാഷയിൽ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിനുള്ള ഗൂഗിളിന്‍റെ പ്രതിബദ്ധത കൂടുതൽ ഉറപ്പാക്കുന്നതായി ഗൂഗിൾ അധികൃതർ പറഞ്ഞു.
ഭാഷ വിപുലീകരണം പ്രസാധകർക്ക് പിന്തുണയായി : ഈ വർഷം ആദ്യം പ്രഖ്യാപിച്ച ജിഎൻഐ ഇന്ത്യൻ ലാംഗ്വേജസ് പ്രോഗ്രാമിന് രാജ്യത്തുടനീളമുള്ള വാർത്ത പ്രസാധകരിൽ നിന്ന് 600 ലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 300 ലധികം പ്രസാധകരെ പ്രോഗ്രാമിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിലൂടെ ഡിജിറ്റൽ മേഖല നവീകരിക്കാനും വെബ്, മൊബൈൽ, ആപ്പ് എന്നിവയിലുടനീളമുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ഗൂഗിൾ അറിയിച്ചു. അതേസമയം ഗൂഗിൾ ന്യൂസിൽ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തിയതിലൂടെ ഇന്‍റർനെറ്റിലെ ഇന്ത്യൻ ഭാഷകളുടെ വിപുലീകരണമാണ് ആഗ്രഹിക്കുന്നതെന്നും അതുവഴി കൂടുതൽ ഉപയോക്താക്കൾക്ക് വാർത്തകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഗൂഗിൾ ഇന്ത്യയുടെ കൺട്രി മാനേജറും വൈസ് പ്രസിഡന്‍റുമായ സഞ്‌ജയ് ഗുപ്‌ത പ്രസ്‌താവനയിലൂടെ അറിയിച്ചു.

You may have missed