അന്‍റാർട്ടിക്കയിലെ മഞ്ഞുപാളികൾ മുൻവർഷത്തെക്കാൾ കൂടുതൽ അളവിൽ ഉരുകിയെന്ന് റിപ്പോർട്ട്
വാഷിങ്‌ടൺ : ഈ വർഷം അന്‍റാർട്ടിക്കയിലെ സമുദ്രത്തിലെ മഞ്ഞുപാളികൾ അഭൂതപൂർവമായ രീതിയിൽ കടലിൽ ഉരുകിയലിഞ്ഞതായി സിഎൻഎൻ. വേനൽക്കാലത്ത് അന്‍റാർട്ടിക് ഭൂഖണ്ഡത്തിലെ സമുദ്രത്തിൽ വ്യാപിച്ചുകിടക്കുന്ന മഞ്ഞുപാളികൾ ഇത്തരത്തിൽ വലിയ അളവിൽ ഉരുകാറുണ്ട്. എന്നാൽ, മഞ്ഞുകാലത്ത് ഇത് വീണ്ടും മഞ്ഞുപാളികളായി രൂപാന്തരപ്പെടാറുമുണ്ട്. എന്നാൽ ഈ പ്രാവശ്യത്തെ ശൈത്യകാലത്ത് സമുദ്രത്തിലെ മഞ്ഞുപാളികൾ പ്രതീക്ഷിച്ച നിലവാരത്തിനടുത്തെവിടെയും തിരിച്ചെത്തിയിരുന്നില്ല . 45 വർഷത്തെ കണക്കുകൾ പ്രകാരം ഈ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത് ഇത് ഏറ്റവും താഴ്‌ന്ന നിലയിലാണെന്നാണ്. അതായത് വേനൽക്കാലത്ത് ഉരുകിയ മഞ്ഞുപാളികളുടെ അളവ് ഇതുവരെയുള്ള കണക്കുകൾ അപേക്ഷിച്ച് കൂടുതലാണ്. നാഷണൽ സ്‌നോ ആൻഡ് ഐസ് ഡാറ്റാ സെന്‍റിന്‍റെ (എൻഎസ്ഐഡിസി) കണക്കുകൾ പ്രകാരം 2022-ലെ ശൈത്യകാല റെക്കോഡിനേക്കാൾ 1.6 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (0.6 ദശലക്ഷം ചതുരശ്ര മൈൽ) താഴെയാണ് ഇത്തവണ മഞ്ഞുപാളികൾ. ജൂലൈ പകുതിയോടെ, അന്‍റാർട്ടിക്കയിലെ സമുദ്രത്തിൽ വ്യാപിച്ചു കിടക്കുന്ന മഞ്ഞ് 1981 മുതൽ 2010 വരെയുള്ള ശരാശരിയേക്കാൾ 2.6 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (1 ദശലക്ഷം ചതുരശ്ര മൈൽ) താഴെയായിരുന്നു. ഈ പ്രതിഭാസത്തെ ചില ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത് ഓഫ്-ദി-ചാർട്ട് എന്നായിരുന്നു. ഇത് ദശലക്ഷക്കണക്കിന് വർഷങ്ങളിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ സംഭവിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. കാലാവസ്ഥ വ്യതിയാനമായിരിക്കാം ഇതിന്‍റെ പ്രധാന കാരണമെന്നാണ് പല ശാസ്‌ത്രജ്ഞരും പറയുന്നത്. അന്‍റാർട്ടിക്ക് വിദൂരവും സങ്കീർണവുമായ ഭൂഖണ്ഡമാണ്. കാലാവസ്ഥ പ്രതിസന്ധി സമുദ്രത്തിലെ മഞ്ഞ് ഉരുകുന്നതിനെ ബാധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദശകങ്ങളിൽ അന്‍റാർട്ടിക്കിലെ മഞ്ഞ് റെക്കോഡ് ഉയരത്തിൽ നിന്ന് താഴ്ന്ന നിലയിലേക്ക് നീങ്ങിയിരുന്നു. ആഗോളതാപനത്തോട് ഇത് എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കുകയാണ് എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. 2016 മുതൽ ശാസ്ത്രജ്ഞർ മഞ്ഞുപാളികൾ ഉരുകുന്ന അളവിൽ ഉണ്ടാകുന്ന ഉയർച്ചയെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. സ്വാഭാവിക കാലാവസ്ഥ വ്യതിയാനം സമുദ്രത്തിലെ മഞ്ഞിനെ ബാധിക്കുന്നുവെന്നാണ് പല ശാസ്‌ത്രജ്ഞരുടെയും വിലയിരുത്തൽ. ‘അന്‍റാർട്ടിക്ക് വ്യവസ്ഥിതി എല്ലായ്‌പ്പോഴും വളരെ വേരിയബിളാണ്’. എന്നാൽ, നിലവിലെ വ്യതിയാനം വളരെ തീവ്രമാണ്. കഴിഞ്ഞ രണ്ട് വർഷമായി എന്തോ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുൻ വർഷങ്ങളെ അപേക്ഷിച്ച് സമുദ്രത്തിലെ മഞ്ഞുപാളിയുടെ ഉരുകലിനെ ബാധിക്കുന്ന തരത്തിൽ ഈ വർഷം എന്തോ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട് എന്നും ശാസ്‌ത്രജ്ഞർ പറയുന്നു. അന്‍റാർട്ടിക്കയ്ക്ക് ചുറ്റുമുള്ള പടിഞ്ഞാറൻ കാറ്റിന്‍റെ ശക്തി ഉൾപ്പെടെ നിരവധി ഘടകങ്ങൾ സമുദ്രത്തിലെ മഞ്ഞിന്‍റെ നഷ്‌ടത്തിലേക്ക് നയിക്കുന്നു. ഗ്രഹത്തെ ചൂടാക്കുന്ന മലിനീകരണത്തിന്‍റെ വർധനവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു എന്നും ശാസ്‌ത്രജ്ഞർ പറയുന്നു.