മൊബൈലുകൾ കടന്നു ചെല്ലാത്ത ഇടങ്ങൾ
യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ യാത്രകളിൽ ഉടനീളം മൊബൈൽ ഫോണുകളുടെ ഉപയോഗം കാരണം അറിഞ്ഞോ അറിയാതെയോ പലപ്പോഴും നമുക്ക് അവ ആസ്വദിക്കാൻ സാധിക്കാറില്ല. എന്നാൽ, മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും നിരോധിച്ച ചില സ്ഥലങ്ങൾ ലോകത്തുണ്ട്. അവിസ്മരണീയമായ അനുഭവം ലഭിക്കാൻ ഇനി പറയുന്ന സ്ഥലങ്ങൾ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ടതാണ്…
സിസ്റ്റൈൻ ചാപ്പൽ, ഇറ്റലി
തികച്ചും പവിത്രമായി കണക്കാക്കപ്പെടുന്ന ഒരു ആരാധനാലയമാണ് ഇറ്റലിയിലെ സിസ്റ്റൈൻ ചാപ്പൽ. സിസ്റ്റൈൻ ചാപ്പലിനുള്ളിൽ നിങ്ങൾക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ കഴിയില്ല എന്നതാണ് പ്രത്യേകത. അതിമനോഹരമായ ചാപ്പലിന്റെ സീലിങ്ങും അവയിൽ ചെയ്തിരിക്കുന്ന അതിഗംഭീരമായ കലാസൃഷ്ടികളും ഏവരെയും ആകർഷിക്കുന്നവയാണ്.
യാല നാഷണൽ പാർക്ക്, ശ്രീലങ്ക
ശ്രീലങ്കയിലെ പ്രശസ്തമായ ദേശീയോദ്യാനമാണ് യാല നാഷണൽ പാർക്ക്. മൃഗങ്ങളെ രക്ഷിക്കുന്നതിനായാണ് 2015-ൽ പാർക്കിൽ ഫോണുകളുമായി പ്രവേശിക്കുന്നത് നിരോധിച്ചത്. പുലിയെയോ മറ്റ് വന്യ മൃഗങ്ങളെയോ കാണുമ്പോൾ ഗൈഡുകൾ പരസ്പരം ഫോണിൽ സംസാരിക്കുന്നതും മൃഗങ്ങളെ കാണുമ്പോൾ അവയെ കാണാൻ ഗൈഡുകൾ അവരുടെ വാഹനങ്ങൾ അതിവേഗത്തിൽ ഓടിക്കുന്നതും മറ്റും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നിയമം നിലവിൽ വന്നത്.എലൈറ്റ് ഐലൻഡ്സ് റിസോർട്ടുകൾ, കരീബിയൻ ബീച്ചുകൾ
2012-ലാണ് കരീബിയൻ ബീച്ചുകളിലെ എലൈറ്റ് ഐലൻഡ്സ് റിസോർട്ടുകളിൽ മൊബൈൽ നിരോധന നയം അവതരിപ്പിച്ചത്. എലൈറ്റിന്റെ ഓരോ റിസോർട്ടിലെയും ഓരോ ബീച്ചും മൊബൈൽ രഹിത മേഖലയാണ്. എല്ലാ ബീച്ചുകളിലും സൈൻബോർഡുകളുമുണ്ട്. മാത്രമല്ല, സന്ദർശകർ എത്തുമ്പോൾ ഇക്കാര്യത്തെ കുറിച്ച് അധികൃതർ ഓർമിപ്പിക്കുകയും ചെയ്യും. അവധികാലത്ത് പൂർണ്ണമായ വിശ്രമം പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഫോണുകളും ലാപ്‌ടോപ്പുകളും ഇവിടെ അനുവദിക്കാത്തത്.
റിജ്ക്സ് മ്യൂസിയം, ആംസ്റ്റർഡാം
2015-ലാണ് ആംസ്റ്റർഡാമിലെ റിജ്ക്സ് മ്യൂസിയത്തിനുള്ളിലെ മൊബൈൽ ഫോണുകളുടെ ഉപയോഗം നിർത്തലാക്കിയത്. ഇതുകൂടാതെ സന്ദർശകരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയും പകരം സൗജന്യമായി കടലാസും പെൻസിലും നൽകി കലാസൃഷ്ടികൾ വരയ്ക്കാൻ മ്യൂസിയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അക്ഷർധാം ക്ഷേത്രം, ഡൽഹി
ഒരു വാസ്തുവിദ്യാ വിസ്മയമാണ് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം. ചില സുരക്ഷാ കാരണങ്ങളാൽ ക്ഷേത്രത്തിന്റെ പരിസരത്ത് സന്ദർശകർക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ പറ്റില്ല. കർശനമായ സുരക്ഷാ നടപടികൾ പാലിക്കുന്ന ഒരു ക്ഷേത്രം കൂടിയാണ് അക്ഷർധാം ക്ഷേത്രം.
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ
ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട് തങ്ങളുടെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശനമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2022 ഡിസംബർ മുതൽ ക്ഷേത്രങ്ങളുടെ വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ഭക്തർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തമിഴ്‌നാട് സർക്കാർ നിയന്ത്രിച്ചുവരികയാണ്. മധുര മീനാക്ഷി അമ്മൻ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീ വെങ്കിടേശ്വര ക്ഷേത്രം തുടങ്ങിയ ക്ഷേത്രാങ്കണങ്ങളിൽ ഫോൺ ഉപയോഗിക്കാൻ പാടില്ല.