സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
വിനയന്‍റെ ‘പത്തൊമ്പതാം നൂറ്റാണ്ടി’ന് ശേഷം സിജു വിത്സന്‍ നായകനായെത്തുന്ന ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’ .ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.തല ഇല്ലാത്ത ഒരു ശരീരവും അതിന് ചുറ്റും സിനിമയിലെ കഥാപാത്രങ്ങളുമാണ് ഫസ്‌റ്റ്‌ലുക്കില്‍. ‘കലമ്പാസുരന്‍ ഒരു മിത്തല്ല’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങിയത്. ‘പഞ്ചവത്സര പദ്ധതി’യുടെ ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങിയതിന് പിന്നാലെ പലരും നിലവിലെ മിത്ത് വിവാദവുമായി ബന്ധപ്പെടുത്തി കമന്‍റുകള്‍ ചെയ്‌തിട്ടുണ്ട്. സിജു വിത്സനും ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘എന്‍റെ അടുത്ത റിലീസായ ‘പഞ്ചവത്സര പദ്ധതി’യുടെ ഔദ്യോഗിക ഫസ്‌റ്റ് ലുക്ക് ഇതാ. സജീവ് പാഴൂര്‍ തിരക്കഥയെഴുതി പ്രേംലാല്‍ സംവിധാനം ചെയ്‌ത്, കിച്ചാപ്പൂസ് എന്‍റർടെയ്ൻമെന്‍റ്‌സ് ആണ് സിനിമയുടെ നിര്‍മാണം.
പ്രേക്ഷകരുമായി ആശയവിനിമയം നടത്താനും അവരെ രസിപ്പിക്കാനും കഴിയുന്ന ശരിയായ ഉള്ളടക്കം തിരഞ്ഞെടുക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. നിലവിലെ സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒരു സിനിമയാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എത്രയും വേഗം ഈ സിനിമ നിങ്ങൾക്ക് മുന്നില്‍ എത്തിക്കാൻ ഞാന്‍ കാത്തിരിക്കുന്നു. നിങ്ങൾക്കെല്ലാവര്‍ക്കും ഈ സിനിമ ഇഷ്‌ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’ – സിജു വിത്സന്‍ കുറിച്ചു. സജീവ് പാഴൂര്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസില്‍ – സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘തൊണ്ടിമുതലും ദൃക്‌സാക്ഷി’യും എന്ന സിനിമയിലൂടെ ശ്രദ്ധേയനാണ് സജീവ് പാഴൂര്‍. പി.ജി പ്രേംലാല്‍ ആണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
കിച്ചാപ്പൂസ് എന്‍റർടെയ്ൻമെന്‍റ്‌സിന്‍റെ ബാനറിൽ കെ.ജി അനിൽകുമാർ ആണ് നിര്‍മാണം. ആൽബി ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ആണ് സംഗീതം.
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ‘ന്നാ താൻ കേസ് കൊട് ‘ എന്ന സിനിമയിലെ മജിസ്ട്രേറ്റിന്‍റെ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പിപി കുഞ്ഞികൃഷ്‌ണനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പുതുമുഖം കൃഷ്ണേന്ദു എ മേനോൻ ആണ് നായികയായി എത്തുന്നത്. കൂടാതെ നിഷ സാരംഗ്, ഹരീഷ് പേങ്ങൻ, ലാലി മരക്കാർ, സിബി തോമസ്, ജോളി ചിറയത്ത് തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്. കല – ത്യാഗു തവന്നൂർ, മേക്കപ്പ് – രഞ്ജിത് മണലിപ്പറമ്പിൽ, വസ്‌ത്രാലങ്കാരം – വീണ സ്യമന്തക്, ആക്ഷൻ – മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – രജലീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ബിനു പി കെ, പോസ്‌റ്റർ ഡിസൈൻ – ആന്‍റണി സ്‌റ്റീഫന്‍, സ്‌റ്റിൽസ് – ജെസ്‌റ്റിന്‍ ജെയിംസ്, പിആർഒ – എഎസ് ദിനേശ്.