ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ലൈസൻസില്ലാതെ ഇറക്കുമതി ചെയ്യുന്നതിൽ വിലക്ക്
ന്യൂഡൽഹി : ലാപ്‌ടോപ്, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ എന്നിവയുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് നടപ്പിലാക്കുന്നത് സർക്കാർ മൂന്ന് മാസത്തേക്ക് മാറ്റി വച്ചു. ഒക്‌ടോബർ 31 വരെ ഇലക്‌ട്രോണിക് കമ്പനികൾക്ക് ലൈസൻസില്ലാതെ ഈ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാം. നവംബർ 1 മുതൽ ഇത്തരം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് കമ്പനികൾ സർക്കാരിൽ നിന്ന് ലൈസൻസ് എടുക്കണം.ഓഗസ്റ്റ് 3ന് ഇലക്‌ട്രോണിക് ഉപകരണങ്ങൾ കേന്ദ്ര സർക്കാരിൽ നിന്ന് ലൈസൻസ് എടുത്ത ശേഷം മാത്രം ഇറക്കുമതി ചെയ്യാമെന്ന രീതിയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ലൈസൻസില്ലാതെ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ വ്യവസായികൾ സർക്കാരിനോട് അവരുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചു. തുടർന്ന് ഡിജിഎഫ്‌ടിയിൽ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്) നിന്ന് പുതുക്കിയ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.
പുതുക്കിയ വിജ്ഞാപനം : ഓഗസ്റ്റ് 3-ാം തീയതി പുറപ്പെടുവിച്ച വിജ്ഞാപനം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പുതിയ അറിയിപ്പ്. ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ 2023 ഒക്‌ടോബർ 31 വരെ നിയന്ത്രിത ഇറക്കുമതിക്കുള്ള ലൈസൻസ് ഇല്ലാതെ ക്ലിയർ ചെയ്യാവുന്നതാണ്. 2023 നവംബർ 1 മുതൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ലൈസൻസ് ആവശ്യമാണ് എന്ന് ഉത്തരവിൽ പറയുന്നു.സുരക്ഷ കാരണങ്ങളും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും കണക്കിലെടുത്താണ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഈ ചരക്കുകളുടെ ഇൻബൗണ്ട് കയറ്റുമതിയും ഈ നീക്കം തടയുന്നതാണ്.ലാപ്‌ടോപ്പുകൾ, സെർവറുകൾ തുടങ്ങിയ ഐടി ഹാർഡ്‌വെയർ ഇറക്കുമതി ചെയ്യുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ അന്തിമമാക്കിയോ എന്ന ചോദ്യത്തിന് ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് ഒരു പരിവർത്തന കാലയളവ് ഉണ്ടാകുമെന്നും അത് ഉടൻ അറിയിക്കുമെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ‘എക്‌സ്’ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചിരുന്നു.