November 27, 2024, 11:12 pm

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിതാരം ആരെന്ന് പറഞ്ഞ് ആര്‍പി സിങ്.

മുംബൈ: ശുഭ്‌മാന്‍ ഗില്‍ , ഇഷാന്‍ കിഷന്‍ , യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ താരങ്ങളെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിയായി നിലവില്‍ ആരാധകര്‍ വാഴ്‌ത്തുന്നത്. എന്നാല്‍ തല്‍സ്ഥാനത്തേക്ക് അന്താരാഷ്‌ട്ര തലത്തില്‍ ഇതേവരെ ഒരു മത്സരം മാത്രം കളിച്ചിട്ടുള്ള മറ്റൊരു താരത്തിന്‍റെ പേരുയര്‍ത്തിക്കാട്ടുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ ആര്‍പി സിങ്. തിലക് വർമ്മയിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി മറഞ്ഞിരിക്കുന്നത് എന്നാണ് ആര്‍പിയുടെ വാക്കുകള്‍.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20-യിലൂടെയാണ് തിലക് വർമ്മ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ ഇന്ത്യ നാല് റണ്‍സിന് തോല്‍വി വാങ്ങിയെങ്കിലും തിലകിന്‍റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ നേരിട്ട രണ്ടാമത്തേയും മൂന്നാമത്തേയും പന്തുകള്‍ തിലക് സിക്‌സറിന് പറത്തി. ആദ്യ സിക്‌സര്‍ ഡീപ് സ്‌ക്വയർ ലെഗിന് മുകളിലൂടെ പറന്നപ്പോള്‍, രണ്ടാം സിക്‌സ് ഡീപ് മിഡ് വിക്കറ്റിലൂടെയാണ് താരം നേടിയത്.
തുടര്‍ന്നും തന്‍റെ സ്‌ഫോടനാത്മക പ്രകടനം ആവര്‍ത്തിച്ച തിലക് ആകെ മൂന്ന് സിക്‌സുകളും രണ്ട് ഫോറുകളും സഹിതം 22 പന്തുകളില്‍ 39 റണ്‍സ് നേടിക്കൊണ്ടാണ് പുറത്തായത്. റൊമാരിയോ ഷെഫേര്‍ഡിനെതിരെ വമ്പന്‍ ഷോട്ട് കളിക്കാനുള്ള തിലകിന്‍റെ ശ്രമം ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയുടെ തോല്‍വിയില്‍ പ്രധാന കാരണങ്ങളിലൊന്നായി ഇതു മാറുകയും ചെയ്‌തു. മത്സരം വിശകലനം ചെയ്യവെ തിലകിനെ അകമഴിഞ്ഞ് പ്രശംസിക്കുകയാണ് ആര്‍പി സിങ് ചെയ്‌തത്.ഇന്ത്യയുടെ മധ്യനിരയില്‍ ഒരു ഇടങ്കയ്യന്‍ ബാറ്റര്‍ക്കായുള്ള അന്വേഷണമാണ് തിലകില്‍ എത്തി നില്‍ക്കുന്നതെന്നും ആര്‍പി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരെ മിന്നും പ്രകടനമാണ് തിലക് നടത്തിയത്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി അവനിൽ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നുന്നു. നാമെല്ലാവരും ഒരു ഇടങ്കയ്യന്‍ മധ്യനിര ബാറ്ററെ തിരയുകയാണ്.
അവിടേക്കാണ് തിലക് എത്തുന്നത്. ‘ആദ്യ അന്താരാഷ്‌ട്ര മത്സരത്തില്‍ ഒരു സിക്‌സറുമായാണ് അവന്‍ അക്കൗണ്ട് തുറന്നത്. തൊട്ടടുത്ത പന്തിലും അവന്‍ സിക്‌സര്‍ പറത്തി. കവറിനു മുകളിലൂടെ അടിച്ച മൂന്നാമത്തെ സിക്സാണ് അവന്‍റെ ഇന്നിങ്‌സിലെ ഏറ്റവും മികച്ച സിക്സർ എന്നാണ് എനിക്ക് തോന്നുന്നത്. അത്തരം സിക്‌സുകള്‍ അടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല’ ആര്‍പി സിങ് പറഞ്ഞു.അതേസമയം ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫറും നേരത്തെ തിലകിനെ പ്രശംസിച്ചിരുന്നു. ക്ലബ് ക്രിക്കറ്റിലോ സംസ്ഥാന തലത്തിലോ കളിക്കുന്ന ലാഘവത്തോടെയാണ് തിലക് വിന്‍ഡീസിന് എതിരെ ബാറ്റ് ചെയ്‌തതെന്നായിരുന്നു ജാഫറിന്‍റെ വാക്കുകള്‍. അന്താരാഷ്‌ട്ര തലത്തില്‍ ആദ്യ മത്സരം കളിക്കുന്നതിന്‍റെ ഒരു പതര്‍ച്ചയും അവനുണ്ടായിരുന്നില്ല.ക്രീസിലെത്തി തന്‍റെ സ്വതസിദ്ധമായ ശൈലിയിലാണ് തിലക് ബാറ്റിങ് തുടങ്ങിയത്. മാനസികമായി അവന്‍ വളരെ ശക്തനാണെന്ന് തന്നെയാണ് ഇത് കാണിക്കുന്നതെന്നുമായിരുന്നു ജാഫറിന്‍റെ വാക്കുകള്‍.

You may have missed