November 27, 2024, 9:20 pm

ചിരിയുടെ മാലപ്പടക്കവുമായി ‘കൊറോണ ധവാൻ’; റിവ്യൂ

കോവിഡ് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തെ ബാധിച്ചപ്പോൾ ഏറെ പ്രതിസന്ധി നേരിട്ട ഒരു വിഭാഗമാണ് മദ്യപന്മാർ. ഭീതിതമായ കോവിഡ് കാലം അത്രപെട്ടെന്നൊന്നും മലയാളി മറക്കാനിടയില്ല. ലോക്ഡൗൺ ആയതോടെ മദ്യം കിട്ടാതെ വലഞ്ഞ കുടിയന്മാർ നെട്ടോട്ടമോടിയായും വാറ്റി കുടിച്ചതും പൊലീസിന്റെ ഡ്രോൺ വലയിലകപ്പെട്ടതും വാർത്തകളിൽ കണ്ടവർക്ക് ചിരിക്കാൻ വക നൽകിയെങ്കിലും മദ്യപന്മാരുടെ യഥാർഥ അവസ്ഥ അതായിരുന്നില്ല. കോവിഡ് കാലം പശ്ചാത്തലമാക്കി നിരവധി സിനിമകൾ എത്തിയെങ്കിലും പൊട്ടിച്ചിരിപ്പിക്കുന്ന കോവിഡ് കാല അനുഭവങ്ങളുമായാണ് നവാഗതനായ സി.സി. നിതിൻ സംവിധാനം ചെയ്ത കൊറോണ ധവാന്റെ വരവ്. മലയാള സിനിമയിലെ യുവതാരങ്ങളായ ലുക്മാൻ അവറാനും ശ്രീനാഥ് ഭാസിയും മത്സരിച്ചഭിനയിച്ച ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ കൊറോണക്കാലത്ത് മദ്യക്കുപ്പിക്കായി നെട്ടോട്ടമോടിയ മദ്യപന്മാരുടെ നിരാശയും മാനസിക വിഭ്രാന്തിയും ഒട്ടും ബോറടിപ്പിക്കാതെ സ്‌ക്രീനിൽ എത്തിക്കുന്നുണ്ട്. മദ്യവും സിഗരറ്റും ശംഭുവും ഉൾപ്പടെ എല്ലാവിധ ദുശീലങ്ങളുമുള്ള ചെറുപ്പക്കാരനാണ് ധവാൻ വിജു. പെങ്ങളുടെ കല്യാണം നടത്താനായി നെട്ടോട്ടമോടുന്ന വിജുവിന്റെ ഓട്ടം എത്തിനിൽക്കുന്നത് ബവറേജിലാണ്. വിജുവിന്റെ അമ്മ സ്വർണവും പണവും തികയ്ക്കാൻ വേവലാതിപ്പെടുമ്പോൾ കല്യാണം കൊഴുപ്പിക്കാൻ കൂട്ടുകാർ ആവശ്യപ്പെട്ട നാല്പത് കുപ്പി ധവാൻ ഒപ്പിക്കാനായിരുന്നു വിജുവിന് തിടുക്കം. പക്ഷേ വിജു ശേഖരിച്ച കുപ്പി പൊട്ടിക്കുന്നതിന് മുൻപ് തന്നെ കല്യാണപ്പെണ്ണ് ഒരു കുടിയനോടൊപ്പം ഒളിച്ചോടി. പെണ്ണ് ഒളിച്ചോടിയതിനേക്കാൾ കുപ്പി പൊട്ടിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശയായിരുന്നു കുടിയന്മാർക്ക്. ഇതിനിടയിലാണ് കൊറോണ പ്രതിരോധിക്കാനായി ലോക്ഡൗൺ വന്നത്. വിജുവിന്റെ വീട്ടിൽ കുപ്പിയുണ്ടെന്ന് അറിയാവുന്ന നാട്ടുകാരായ കുടിയന്മാർ ചോദിച്ചിട്ട് ഒരു പൈന്റ് പോലും കൊടുക്കാതെ വിജു കുപ്പികൾ പൂഴ്ത്തിവച്ചു. വൃദ്ധന്മാർ മുതൽ പതിനെട്ട് തികയാത്ത പയ്യന്മാരും ഗൾഫുകാരും എക്സൈസുകാരും പൊലീസുകാരും പുത്തൻ പണക്കാരും ഗുണ്ടകളും എന്നുവേണ്ട നിലയും വിലയും മറന്ന് പലരും വിജുവിന്റെ വീട്ടിൽ ക്യൂ നിന്നു. മദ്യം കിട്ടാതെ സ്ഥലത്തെ പ്രധാന പുത്തൻപണക്കാരന്റെ അനിയന് ഭ്രാന്തായി. അനിയൻ ഗ്ലാഡ്‌വിന്റെ ഭ്രാന്ത് മാറ്റാൻ ഒരു കുപ്പിക്കായി ചേട്ടനും നെട്ടോട്ടമായി. വിജുവിന്റെ കുപ്പി എങ്ങനെ അടിച്ചുമാറ്റാൻ എന്ന ചിന്തയിലായി നാട്ടുകാർ.
അലസനും മടിയനും എല്ലാ വിധ ദുശീലവുമുള്ള മദ്യപാനിയുടെ വേഷത്തിൽ കൊറോണ ധവാനിൽ തിളങ്ങിയത് ലുക്മാൻ അവറാനാണ്. ശ്രീനാഥ് ഭാസിയുടെ ഏറെ വ്യത്യസ്തമായ പ്രകടനമായിരുന്നു ചിത്രത്തിൽ. മദ്യം കിട്ടാത്തതുമൂലം വിഭ്രാന്തി കാണിക്കുന്ന മുഴുക്കുടിയനായി ശ്രീനാഥ്‌ തന്റെ വേഷം ഭംഗിയാക്കി. എക്സ്സൈസ് ഇൻസ്പെക്ടർ കരിക്ക് സത്യനായി ജോണി ആന്റണി നർമത്തിന്റെ കടിഞ്ഞാൺ കയ്യിലെടുത്തപ്പോൾ ഹാസ്യം വാരി വിതറി ശരത് സഭ ആടിത്തിമിർത്തു. ഇർഷാദ് ആണ് പൊലീസ് ഇൻസ്പെക്ടറായി വേഷമിട്ടത്. ശ്രുതി ജയനാണ് ചിത്രത്തിലെ നായിക. ശ്രുതിയുടെ മികവുറ്റ പ്രകടനവും സിനിമയുടെ മുതൽക്കൂട്ടാണ്. ഉണ്ണി നായർ, സിനോജ് അങ്കമാലി, സുനിൽ സുഗത, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സീമ ജി നായർ, അന്തരിച്ച ഹരീഷ് പേങ്ങൻ തുടങ്ങിയ താരങ്ങളെല്ലാം തന്നെ ചിത്രത്തെ മുഴുനീള കോമഡി എന്റർടൈനറാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
കൊറോണക്കാലത്തെ പ്രതിസന്ധികളും മാനസിക സംഘര്ഷങ്ങളും നർമത്തിൽ ചാലിച്ച് അൽപ്പം പോലും ബോറടിക്കാതെ നിതിൻ അവതരിപ്പിച്ചിട്ടുണ്ട്. കൊറോണക്കാലത്തെ ഭീതിതമായ സംഭവങ്ങളെ രസകരമായ തിരക്കഥയാക്കി മാറ്റാൻ സുജയ് മോഹൻരാജിനു കഴിഞ്ഞു. നാട്ടിൻപുറത്തെ മനോഹാരിതയ്‌ക്കൊപ്പം കള്ളുകുടിയും ചീട്ടുകളിയും പോലീസിന്റെ ഡ്രോൺ വേട്ടയും സാമൂഹിക അകലവും എല്ലാം രസകരമായി ജെനീഷ് ജയാനന്ദൻ ദൃശ്യവൽക്കരിച്ചു. കഥക്കും സന്ദർഭത്തിനും അനുയോജ്യമായ രസകരമായ പശ്ചാത്തല സംഗീതമാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.
‘കൊറോണ ജവാൻ’ എന്ന പേരിൽ ചെറിയ ആശയക്കുഴപ്പം നേരിട്ടെങ്കിലും ഒരിടവേളയ്ക്ക് ശേഷം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന ഒരു ചിത്രം തിയറ്ററിൽ എത്തിക്കാൻ കഴിഞ്ഞത്തിൽ സി.സി. നിതിൻ എന്ന നവാഗത സംവിധായകന് അഭിമാനിക്കാം. പ്രേക്ഷകരെ ഏറെ രസിപ്പിച്ച കുഞ്ഞിരാമായണത്തെപ്പോലെ തന്നെ മദ്യത്തിന്റെ കഥപറഞ്ഞെത്തിയ കൊറോണ ധവാൻ ആരെയും നോവിക്കാതെ മനം നിറഞ്ഞു ചിരിപ്പിക്കാൻ വക നൽകുന്ന ചിത്രമാണ്. വെറുപ്പുളവാക്കുന്ന ഡബിൾ മീനിങ് കോമഡികളൊന്നുമില്ലാത്ത ചിത്രം കാണാൻ കുടുംബ പ്രേക്ഷകർക്ക് ഉറപ്പായും ടിക്കറ്റെടുക്കാം.

You may have missed