April 4, 2025, 1:24 am

മഞ്ഞുകാലത്ത് വജ്രം പോലെ തിളങ്ങുന്ന ഉപ്പ്

വേനല്‍ പടികടന്നെത്തുമ്പോഴേക്കും ജലപ്പരപ്പിനു മുകളില്‍ മഴവില്ലിന്‍റെ ഏഴഴകില്‍ വിരിയുന്ന വര്‍ണവസന്തം. തണുപ്പുകാലത്ത്, വജ്രം പോലെ തിളങ്ങുന്ന ഉപ്പിന്‍റെ മഞ്ഞുകട്ടകള്‍. നിറങ്ങളുടെ വിസ്മയക്കാഴ്ചയൊരുക്കുന്ന ഈ പ്രതിഭാസമുള്ളത് അങ്ങു ചൈനയിലാണ്, വടക്കൻ ചൈനയിലെ ഷാൻസിയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തടാകമായ സിയെന്‍ചി അഥവാ യുഞ്ചെങ് യാഞ്ചിയില്‍. സാമ്രാജ്യത്വകാലം തൊട്ട്, ചൈനയില്‍ ഉപ്പു നിര്‍മിച്ചിരുന്ന തടാകമാണിത്. കൂടിയ ലവണാംശം കാരണം “ചൈനയുടെ ചാവുകടൽ” എന്നറിയപ്പെടുന്ന ഈ വിശാലമായ തടാകം, ഈ പ്രദേശത്തിന്‍റെ സംസ്കാരത്തിന്‍റെയും സമ്പദ്‌വ്യവസ്ഥയുടെയും കേന്ദ്രബിന്ദുവാണ്. ഇവിടെ നിന്ന് ഉപ്പു നിര്‍മിക്കാൻ തുടങ്ങിയിട്ട് ഏകദേശം 6,000 വർഷമായിക്കാണുമെന്ന് ചൈനീസ് ചരിത്രകാരന്മാർ കണക്കാക്കുന്നു. ആറാം നൂറ്റാണ്ടോടെ, ചൈനയുടെ മൊത്തത്തിലുള്ള ഉപ്പ് ഉൽപാദനത്തിന്‍റെ നാലിലൊന്ന് ഈ തടാകത്തില്‍ നിന്നായിരുന്നു.
തടാകത്തിന്‍റെ ഉടമസ്ഥതയെ ചൊല്ലി ഒട്ടേറെ യുദ്ധങ്ങൾ നടന്നിട്ടുണ്ടെന്നും അടുത്തുള്ള ക്ഷേത്രങ്ങളില്‍ ഉപ്പ് ദൈവങ്ങളെ പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നെന്നും പറയപ്പെടുന്നു. എന്നാല്‍ ഇന്ന് സഞ്ചാരികള്‍‌ ഇവിടെയെത്തുന്നത് അതിമനോഹരമായ നിറങ്ങളുടെ കാഴ്ച കണ്ടാസ്വദിക്കാനാണ്.ക്ലോറൈഡുകളുടെ സാന്ദ്രത വളരെക്കൂടുതലുള്ള ചാവുകടലില്‍ നിന്ന് വ്യത്യസ്തമായി, യുഞ്ചെങ് തടാകം സൾഫേറ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവിടം ജൈവസമൃദ്ധമാണ്. ഡുനാലിയല്ല സാലിന എന്നു പേരായ ഒരിനം ആല്‍ഗകള്‍ ഈ വെള്ളത്തില്‍ ധാരാളമായി കാണപ്പെടുന്നു. വേനൽക്കാലത്ത്, ഈ ആൽഗകൾ പൂക്കുന്നു. ഇവയാണ് ഇവിടുത്തെ വര്‍ണവസന്തത്തിനു കാരണം. വയലറ്റ്, സ്കാർലറ്റ്, മജന്ത, മരതകം എന്നിവയുടെ തിളക്കമുള്ള ഷേഡുകൾ ഈ സമയത്ത് തടാകത്തില്‍ തെളിഞ്ഞുകാണാം.ശൈത്യകാലത്തും ഇവിടം കാഴ്ചയ്ക്ക് അതിമനോഹരമാണ്. താപനില 23 ഡിഗ്രി ഫാരൻഹീറ്റിന് താഴെയാകുമ്പോൾ, ഇവിടെ സള്‍ഫേറ്റ് ലവണമായ മിറാബിലൈറ്റിന്‍റെ പരലുകൾ രൂപപ്പെടുന്നു. സാധാരണ മഞ്ഞുകട്ടയേക്കാള്‍ തിളക്കവും വെണ്മയുമുള്ള ഈ ലവണം തടാകപ്രദേശത്തെ സ്വര്‍ഗസമാനമാക്കി മാറ്റുന്നു.ഷാങ്‌സി പ്രവിശ്യയുടെ പൈതൃകത്തിന്‍റെ ഭാഗമാണ് ഇവിടുത്തെ ഉപ്പുനിര്‍മാണം. പരമ്പരാഗതമായി പ്രാദേശിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവിടെ നിന്ന് ഉപ്പുണ്ടാക്കിയിരുന്നത്. ഉപ്പുവെള്ളം അഞ്ചുഘട്ടങ്ങളിലൂടെ കടന്നുപോയാണ് പരലുകളായി രൂപപ്പെടുന്നത്. എന്നാല്‍, 1980 മുതൽ ഇവിടെ വ്യാവസായികമായി വന്‍തോതില്‍ ഉപ്പുനിര്‍മിക്കാൻ ആരംഭിച്ചു. വിനോദസഞ്ചാരികള്‍ക്ക് തടാകത്തിലെ വര്‍ണക്കാഴ്ചക്കൊപ്പം ഉപ്പുനിര്‍മാണവും കാണാം.സഞ്ചാരികള്‍ക്ക് തടാകത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. യുൻ‌ചെങ് നഗരത്തിൽ നിന്ന് തടാകത്തിലേക്ക് നിരവധി ബസുകൾ ഓടുന്നുണ്ട്. ജൈവവൈവിധ്യസംരക്ഷണവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.