തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി
ബെംഗളൂരു: തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. മോഷണങ്ങള്‍ പതിവായതോടെയാണ് തക്കാളി തോട്ടങ്ങള്‍ക്ക് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തോട്ടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാഭരണകൂടമാണ് നിര്‍ദേശം നല്‍കിയത്. തക്കാളിക്ക് കഴിഞ്ഞ ഒരു മാസത്തിലേറെയായി വന്‍ വിലക്കയറ്റമാണുണ്ടായിരിക്കുന്നത്. കര്‍ണാടകയില്‍ വിവിധ തോട്ടങ്ങളില്‍ മോഷണം നടന്നിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന തോട്ടങ്ങളില്‍ നിന്നാണ് തക്കാളി മോഷണം പോകുന്നത്. ചാമരാജനഗറിലെ കബ്ബെപുരയില്‍ ഒന്നര ഏക്കര്‍ തക്കാളിക്കൃഷി കഴിഞ്ഞയാഴ്ച ആരോ നശിപ്പിച്ചിരുന്നു. നേരത്തെ കോലാറില്‍ നിന്ന് രാജാസ്ഥാനിലേക്ക് കൊണ്ടു പോയ 20 ലക്ഷം രൂപയുടെ തക്കാളി ലോറി ഡ്രൈവര്‍ മറിച്ചുവിറ്റിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കര്‍ഷകനെ ആക്രമിച്ച് തക്കാളി കവര്‍ന്ന വാര്‍ത്തയും എത്തിയിരുന്നു. അതേസമയം തക്കാളി വിറ്റ് കര്‍ഷകര്‍ വലിയ ലാഭമാണ് ഉണ്ടാക്കുന്നത്. തക്കാളി വിറ്റ് വെറും 45 ദിവസം കൊണ്ട് ചിറ്റൂരിലെ ചന്ദ്രമൗലി എന്ന കര്‍ഷകന്‍ 4 കോടി രൂപ നേടി. ഏപ്രില്‍ ആദ്യ വാരമാണ് തന്റെ 22 ഏക്കര്‍ കൃഷിയിടത്തില്‍ ചന്ദ്രമൗലി തക്കാളി വിതച്ചത്. ജൂണ്‍ അവസാനത്തോടെ വിളവെടുക്കാനായി. കര്‍ണാടകയിലെ കോലാര്‍ ചന്തയിലാണ് ചന്ദ്രമൗലി തക്കാളികള്‍ വിറ്റത്. 15 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് ഇവിടെ 1000 മുതല്‍ 1500 രൂപ വരെ ലഭിക്കും. ഇത്തരത്തില്‍ 45 ദിവസം കൊണ്ട് 40,000 പെട്ടികളാണ് ചന്ദ്രമൗലി വിറ്റത്.