ജരാനരകളും മരണവുമില്ല, ഹിമാലയത്തിലെ നിഗൂഢമായ ‘ജ്ഞാന്‍ഗഞ്ച്’
കാലങ്ങളായി ലോകം അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്ഥലം.. എന്താണെന്നോ എവിടെയോന്നൊ ഒന്നും ഒരു ഊഹം ഇല്ലെങ്കിൽ പോലും കെട്ടുകഥകൾക്കും വിശ്വാസങ്ങൾക്കും ഒരു കുറവുമില്ല. ആകെയറിയുന്നത് ഹിമാലയത്തിലാണെന്നു മാത്രം .രഹസ്യങ്ങൊളിഞ്ഞിരിക്കുന്ന ഹിമാലത്തിൽ ലോകം അന്വേഷിക്കുന്ന ഇടം ഏതാണെന്നറിയാമോ? കേട്ടുമാത്രം പരിചയമുള്ള ജ്ഞാന്‍ഗഞ്ച്. മറഞ്ഞിരിക്കുന്ന നഗരമെന്നോ സാമ്രാജ്യമെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന, പുരാണങ്ങളിൽ ഒരുപാട് പറഞ്ഞിരിക്കുന്ന ജ്ഞാന്‍ഗഞ്ച് തന്നെ.
ഹിമാലയത്തിലെ ഏറ്റവും നിഗൂഢവും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതുമായ ജ്ഞാന്‍ഗഞ്ച് ഇന്നും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, അത് തേടിപ്പോയ പലരും തിരികെ വന്നിട്ടില്ലെന്നും ലോകത്തിന് ഈ ഇടം ഒരിക്കലും കണ്ടെത്താൻ സാധിക്കില്ലെന്നും ആണ് പറയപ്പെടുന്നത്. ഭാരതീയ വിശ്വാസങ്ങളിൽ മാത്രമല്ല, ടിബറ്റൻ ബുദ്ധ വിശ്വാസങ്ങളിലും ചൈനീസ് , നേപ്പാൾ വിശ്വാസങ്ങളിലുമെല്ലാം പല പേരുകളിലും കഥകളിലും മിത്തുകളിലും ഇത് നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.
ജ്ഞാന്‍ഗഞ്ച് എന്ന പേരിൽ മാത്രമല്ല, സിദ്ധാശ്രമം, സിദ്ധഭൂമി. ശംഭാല,ഷാംഗ്രില, തുടങ്ങി പുരാണങ്ങളിലും ചരിത്രത്തിലും ഒക്കെ കേട്ടിരിക്കുന്ന പേരുകളിലും ഈ സ്ഥലം അറിയപ്പെടുന്നു. ഇവിടെ ആളുകൾ ജീവിക്കുന്നുണ്ടെന്നും അവർക്ക് ഒരിക്കലും മരണമില്ലെന്നും അമർത്യരായ അവര് അമാനുഷാരാണെന്നുമെല്ലാം ആണ് വിശ്വാസങ്ങൾ പറയുന്നത്. ഇത് കേട്ടറിഞ്ഞ് തേടിപ്പോവരെക്കുറിച്ചുള്ള കഥകളും ഒരുപാടുണ്ട്.ഹിമാലത്തിൽ സാധാരണ മനുഷ്യർക്ക് ഒരുകാലത്തും എത്തിപ്പെടുവാൻ സാധിക്കാത്ത ഒരിടത്ത് മരണത്തെ ഭയക്കാതെ , ജ്ഞാനവും അറിവും ശക്തികളുമുള്ള യോഗികളും ഋഷിമാരും ഒക്കെ ഈ ജ്ഞാന്‍ഗഞ്ചിൽ ജീവിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ജീവനം മരണവുമല്ലാത്തെ, അമർത്യതയുടെ മറ്റൊരു രൂപത്തിൽ ഇവർ ഇവിടെ വസിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ശ്രീ ബുദ്ധനും ആദി ശങ്കരാചാര്യരും ഒക്കെ അന്വേഷിച്ചത് ഇതു തന്നെയാണ്, ഈ ജ്ഞാന്‍ഗഞ്ചിലേക്കുള്ള എത്തിച്ചേരലാണ് എന്നു വിശ്വസിക്കുന്നവരും നിരവധിയുണ്ട്.
ഹിമാലയത്തെക്കുറിച്ചുള്ള ഒൻപത് വിചിത്ര വിശേഷങ്ങൾ
ഹൈന്ദവ വിശ്വാസം പറയുന്നത് പരമേശ്വരനാണ് ഇത് സ്ഥാപിച്ചതെന്നാണ്. എന്നാൽ ബുദ്ധമത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഇത് കണ്ടെത്തിയതും സ്ഥാപിച്ചതും ശ്രീ ബുദ്ധനാണ്. ബുദ്ധമത ഗ്രന്ഥങ്ങൾ ഉൾപ്പെടെ പല മതഗ്രന്ഥങ്ങളിലും ഈ സ്ഥലത്തെ സംബന്ധിച്ച നിരവധി വിശദീകരണങ്ങളും ഇവിടേക്കുള്ള വഴികളും എത്തിച്ചേരേണ്ട വിധവും ഒക്കെ പറയുന്നുണ്ടെന്നും ആളുകൾ വിശ്വസിക്കുന്നു.
നാലു വഴികളാണ് ജ്ഞാന്‍ഗഞ്ചിൽ എത്തിച്ചേരാനായുള്ളതത്രെ. അതിലൊന്ന് ആരംഭിക്കുന്നത് ചാർ ധാം ക്ഷേത്രങ്ങളിലൊന്നായ ഗംഗോത്രിയിൽ നിന്നാണ്. രാവണൻ തപസ്സനുഷ്ഠിച്ച് പ്രസിദ്ധമായ രാക്ഷസതാൽ എന്ന തടാകത്തിൽ നിന്നാണ് രണ്ടാമത്തെ വഴി, ചന്ദ്രതാൽ തടാകം, കൈലാസ പർവ്വതത്തിലേക്കുള്ള വഴിയിൽ എന്നിങ്ങനെയാണ് ബാക്കി രണ്ടു പാതകൾ. ഇതിലൂടെ കൃത്യമായി എത്തിയാൽ ജ്ഞാന്‍ഗഞ്ചിൽ എത്തിച്ചേരാമത്രെ. എന്നാൽ ഇതെവിടെ നിലനിൽക്കുന്നു എന്നാതിനാണ് ഉത്തരമില്ലാത്തത്. വിശ്വാസങ്ങളും ഐതിഹ്യങ്ങളുമെല്ലാം കണക്കിലെടുത്ത് നോക്കിയതിന്റെ അടിസ്ഥാനത്തിൽ നേപ്പാളും ഹിമാചൽ പ്രദേശും എന്തിനധികം ഉത്തരാഖണ്ഡ് വരെയുള്ള ഇടങ്ങളിലെവിടെയോ ആണ് ജ്ഞാന്‍ഗഞ്ച് സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം.ശ്രീ ബുദ്ധനും ശങ്കരാചാര്യരും മാത്രമല്ല, അഡോൾഫ് ഹിറ്റ്ലർ വരെ ഇവിടം തിരഞ്ഞിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്. എന്നാൽ അവരിലാർക്കും തന്നെ ഇത് കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. പണ്ട് സോവിയറ്റ് യൂണിയനും ഇതിനെക്കുറിച്ച് തിരക്കാനായി ഒരം സംഘത്തെ അയച്ചിട്ടുണ്ടത്രെ. എന്നാൽ ഇവിടെ പോയി വന്നു എന്നു അവകാശപ്പെടുന്നവരും ചരിത്രത്തിലുണ്ടായിട്ടുണ്ട്. പല യോഗികളും സിദ്ധന്മാരും തങ്ങളവിടെ പോയിട്ടുണ്ടെന്നും കണ്ടിട്ടുണ്ടെന്നുമെല്ലാം പറയുന്നുണ്ടെങ്കിലും അതൊന്നും വിശ്വാസത്തിലെടുത്തിട്ടില്ല. എന്തുതന്നെയായാലും ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇത്രയധികം പുരോഗമിച്ചുവെങ്കിലും ലോകത്തിനിതുവരെ ജ്ഞാന്‍ഗഞ്ച് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഹിമാലയത്തിലെവിടോ ഉണ്ടെന്നും അവിടേക്ക് സാധാരണ മനുഷ്യർക്ക് ഒരിക്കലും എത്തിച്ചേരാൻ കഴിയില്ലെന്നും തന്നെയാണ് കരുതുന്നത്. ഇത് ഒു രാജ്യമാണെന്നും ഗോത്രസമൂഹം ആണെന്നും ചിലപ്പോൾ അത് ഇതിനകം നശിച്ചു പോയാക്കാം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിനേക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.