യാത്രാ ഇളവിന്റെ പേരിൽ വിവേചനം കാണിക്കരുത്, തുല്യ പരിഗണന വിദ്യാർഥികൾക്കും നൽകണം’ ; ബസ് ജീവനക്കാരോട് ഹൈക്കോടതി
എറണാകുളം : യാത്രാ ഇളവ് നൽകുന്നതിന്റെ പേരിൽ വിദ്യാർഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാർക്കുള്ള തുല്യ പരിഗണന വിദ്യാർഥികൾക്കും നൽകണം. കുട്ടികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാന്‍ പൊലീസും ശ്രദ്ധിക്കണം.ബസ് കൺസഷൻ നിരക്ക് പരിഷ്കരണം സർക്കാരിന്റെ നയപരമായ കാര്യമാണ്. അക്കാര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. എന്നാൽ മാറിയ സാഹചര്യം വിദ്യാർഥി സംഘടനകളും സർക്കാരും പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ബസ് ജീവനക്കാർക്കെതിരായി രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം.എറണാകുളം സ്വദേശികളായ ബസ് ജീവനക്കാർ നൽകിയ ഹർജികൾ ഒരുമിച്ച് പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. ബസ് ജീവനക്കാർക്കെതിരായ കേസുകൾ റദ്ദാക്കിയാണ് സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിറക്കിയത്. ബസ് ജീവനക്കാരും വിദ്യാർഥികളുമായി കൺസഷന്റെ പേരിൽ നിരന്തരം തർക്കമുണ്ടാകുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ.