November 27, 2024, 9:25 pm

മരത്തിൽ കയറുന്ന ആടുകൾ; ഇത് ഈ രാജ്യത്തെ മാത്രം അത്ഭുത കാഴ്ച

യാത്രകളിലെ കൗതുകക്കാഴ്ചകളിൽ പലപ്പോഴും മൃഗങ്ങൾ കടന്നുവരാറുണ്ട്. അവരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചകളോ പ്രവർത്തികളോ കാണുമ്പോൾ അത് വീണ്ടും നമ്മുടെ യാത്രയിലെ ഒരനുഭവം കൂടിയായി മാറുകയാണ്. സന്ദർശകരിൽ നിന്നും തങ്ങൾക്കുകൂടി അവകാശപ്പെട്ട ഭക്ഷണം ചോദിച്ചുവാങ്ങുന്ന ഇസ്താംബൂളിലെ പൂച്ചകളും ഉടമസ്ഥര്‍ക്കായി ചന്തയിൽ വന്ന് പച്ചക്കറികൾ മേടിച്ചുകൊണ്ടുപോകുന്ന വിയറ്റ്നാമിലെ നായ്കക്കളും ഒക്കെ കൗതുകമാണ്. ഇതിൽക്കൂടുതൽ അത്ഭുതപ്പെടുത്തുന്ന വേറൊരു കാഴ്ചയുണ്ട്. അതാണ് മരത്തിൽ കയറുന്ന ആടുകളുടെ കഥ! എത്ര ദൂരം വേണമെങ്കിലും കൂട്ടംതെറ്റാതെ നടക്കുന്ന ആട്ടിൻകൂട്ടങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. തല നീട്ടിയാൽ എത്തുന്ന ചെടികളുടെയെല്ലാം തണ്ടും ഇലകളും ആടുകള്‍ ഭക്ഷണമാക്കുമെങ്കിലും അവരുടെ ഏറ്റവും പ്രിയപ്പെട്ട പ്ലാവില വേണമെങ്കിൽ നമ്മൾ തന്നെ കൊണ്ടുകൊടുക്കണം. മരത്തിൽ കയറി കഴിക്കുന്നത്രയും വിരുതന്മാർ നമ്മുടെ നാട്ടിലില്ല. എന്നാൽ മൊറോക്കോയിലെ മരത്തിൽ കയറുന്ന ആടുകൾ ‘വേറെ ലെവലാണ്’

മരത്തിൽ കയറുന്ന ആടുകൾ

മൊറോക്കൻ കാഴ്ചകളിലെ ഏറ്റവും രസകരമായ ഒന്നാണ് മരത്തിൽ കയറിനിൽക്കുന്ന ആടുകൾ. അര്‍ഗാനിയ അഥവാ അര്‍ഗാൻ മരങ്ങളുടെ ശാഖകളിൽ കയറിനിന്ന് അതിലെ കായ് തിന്നുകൊണ്ട് കൂസലില്ലാതെ നിൽക്കുന്ന ആടുകൾ ആർക്കും കൗതുകം തന്നെയാണ്. മുള്ളുകൾ നിറഞ്ഞ പരുക്കനായ മരത്തിൽ അതും, മറ്റു മൃഗങ്ങൾ തിരിഞ്ഞു പോലും നോക്കാത്ത ഈ മരത്തിൽ ഇവ കയറുന്നതെന്തിനാണ് എന്നല്ലേ? ഇതിലെ കായ് താഴെ നിന്നും കഴിച്ച് അതിന്റെ രുചി ഇഷ്ടപ്പെട്ട് കൂടുതൽ കഴിക്കുവാനാണ് ആടുകൾ ഇതിലേക്ക് കയറുന്നത്.
അർഗനിയാ സ്പിനോസ എന്ന ഈ അര്‍ഗാനിയ മരം 30 അടി വരെ ഉയരത്തിൽ വളരുന്നവയാണ്. ഇവിടുത്തെ ആടുകളുടെ കാലിലെ പിളർന്ന കുളമ്പുകളാണ് അവയെ ഈ മരത്തിൽ കയറുവാൻ സഹായിക്കുന്നത്. ഇതിലെ കായ മാത്രമല്ല, തങ്ങൾക്കാവുന്ന വിധത്തിൽ ഇലകളും ചെറിയ നാമ്പുകളുമെല്ലാം കഴിച്ചേ ഇവ ഇറങ്ങാറുള്ളൂ.
മൊറോക്കോയിലെ നാണ്യവിളകളിലൊന്നായ അർഗൻ ഓയിൽ ഉത്ദിപ്പിക്കുന്ന ഈ ഫലങ്ങൾ ആടുകൾ തിന്നുന്നതിൽ ആർക്കും ഒരെതിർപ്പുമില്ല, എന്തിനാണിവർ ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് ആലോചിച്ചോ? അതിനൊരു കാരണമുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കളിലും പാചകത്തിനുള്ള എണ്ണയ്ക്കായും അർഗൻ ഓയിൽ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇവിടുത്തെ ആടുകളുടെ ദഹനവ്യവസ്ഥയ്ക്ക് അർഗൻ മരത്തിന്‍റെ കായയുടെ തൊലിയെയും മാംസളമായ ഭാഗത്തെയും മാത്രമേ ദഹിപ്പിക്കുവാൻ കഴിയൂ.ആടുകളുടെ ദഹനവ്യവസ്ഥയിലൂടെ കടന്നു പോകുന്ന കുരു, ആ പ്രക്രിയ വഴി കുറച്ചുകൂടി മയത്തിവുകയം തുടർന്ന് ഗഹിക്കാതെ അതേപടി ആടുകൾ വിസർജിക്കുകയും ചെയ്യും. ഈ വിസര്‍ജ്യത്തിൽ നിന്നും കുരുക്കൾ വേർതിരിച്ച്, കഴുകി ഉണക്കിയെത്ത് അർഗൻ എണ്ണ ഉത്പാദിപ്പിക്കുന്ന നിരവധി കർഷകർ മൊറോക്കോയിലുണ്ട്. നേരത്തെ, ആടുകളെ മരത്തിൽ കയറുവാൻ വിട്ട്, ആ സമയത്ത് കുരു ശേഖരിച്ച് വൃത്തിയാക്കി ഉണക്കുന്ന ഒരു പതിവായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.

You may have missed