പര്‍വതം വിഴുങ്ങിയ നിധിയും അതു കാക്കുന്ന ജലപ്പിശാചും; കൃപജിന്‍റെ കഥ
കിഴക്കൻ സെർബിയയിലെ പോമോറാവ്ൽജെ ജില്ലയില്‍ ഒരു നീരുറവയുണ്ട്. കൃപജ് എന്നാണ് അതിന്‍റെ പേര്. ഏകദേശം 9-11 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ഒരു ചുടുനീരുറവയാണിത്. ഏകദേശം അര കിലോമീറ്റര്‍ നീളമുള്ള ഈ നീരുറവ, ഇതിലൂടെ ഒഴുകുന്ന കൃപജ് നദിയുടെ ഭാഗമാണ്. ചുറ്റും പാറക്കെട്ടുകളും ചെറിയ വെള്ളച്ചാട്ടങ്ങളും ഇരുണ്ട കാടും നിറഞ്ഞ ഈ നീരുറവ കാണുമ്പോള്‍ത്തന്നെ ഏതോ യക്ഷിക്കഥയില്‍ നിന്നിറങ്ങി വന്നതുപോലെയാണ് തോന്നുക. നീരുറവയെക്കുറിച്ച് ഇവിടെ പരിസരങ്ങളില്‍ വസിക്കുന്ന ആളുകള്‍ പറയുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍, കണ്ണുകള്‍ക്ക് തെറ്റുപറ്റിയിട്ടില്ല എന്നു മനസ്സിലാകും. മിലനോവാക്ക് ഗ്രാമത്തിന് സമീപമാണ് കൃപജ്. ഇതിനുചുറ്റുമായി ഹോമോൾജെ പര്‍വ്വതനിരകളാണ്. ഡ്രാക്കുളക്കഥകളില്‍ കേട്ടുപരിചയിച്ച കാര്‍പാത്യന്‍ മലനിരകള്‍ക്ക് സമാനമായാണ് ഈ പര്‍വ്വതനിരകളെ ആളുകള്‍ കാണുന്നത്. ഇവിടുത്തെ ഇടതൂര്‍ന്ന വനങ്ങളുടെ അന്ധകാരപൂര്‍ണ്ണമായ ആഴങ്ങളില്‍ മനുഷ്യരുടെ ചോര ഊറ്റിക്കുടിക്കുന്ന വാമ്പയര്‍മാരും തീതുപ്പുന്ന ഡ്രാഗണുകളും മാലാഖമാരുമെല്ലാം വസിക്കുന്നുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ഇതേക്കുറിച്ച് നിരവധി നാടോടിക്കഥകള്‍ ചുറ്റുമുള്ള ഗ്രാമങ്ങളില്‍ പ്രചാരത്തിലുണ്ട്.
കൃപജ് നീരുറവയെ ചുറ്റിപ്പറ്റിയും കഥകളുണ്ട്. ഹോമോൾജെ പര്‍വതം ഒരിക്കല്‍ ഒരുപാട് സ്വര്‍ണം വിഴുങ്ങിയത്രേ. അതുമുഴുവന്‍ കൃപജിന്‍റെ ആഴങ്ങളിലുള്ള സുവര്‍ണ്ണഗുഹയ്ക്കുള്ളില്‍ ഇന്നുമുണ്ടെന്ന് ഐതിഹ്യം പറയുന്നു. ടാര്‍ട്ടര്‍ എന്നു പേരുള്ള ഒരു ജലപ്പിശാച് ഈ സ്വര്‍ണ്ണം കാത്തുസൂക്ഷിക്കുന്നു. എല്ലാവര്‍ഷവും “പിശാചുക്കളുടെ ദിനത്തിൽ”, ടാര്‍ട്ടര്‍ പെരുമ്പറ കൊട്ടി മറ്റു ആത്മാക്കളെ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നു. ഈ ദിവസം മാത്രമാണ് ഗുഹയ്ക്കുള്ളിലേക്ക് ആളുകള്‍ക്ക് പ്രവേശനം.ഈ സമയത്ത് പാതിരാത്രിയില്‍ വ്ലാച്ച് ഗോത്രത്തില്‍പ്പെട്ട സ്ത്രീകള്‍ ഇവിടെയെത്തും. നീരുറവയുടെ മധ്യത്തില്‍ വെച്ച് ഇവര്‍ പിശാചിനെ നേരിട്ട്കാണും എന്നു പറയപ്പെടുന്നു. തങ്ങള്‍ക്ക് മാന്ത്രികശക്തി നല്‍കാന്‍ അവര്‍ പിശാചിനോട് ആവശ്യപ്പെടും എന്നും പകരമായി സുന്ദരിയായ ഒരു സ്ത്രീയെ പിശാചിന് കാഴ്ച വയ്ക്കും എന്നുമാണ് കൃപജിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന കഥ. ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല, എന്നാല്‍ ഇത്തരം ഐതിഹ്യങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് നിരവധി ടൂറിസ്റ്റുകള്‍ നീരുറവ കാണാന്‍ എത്താറുണ്ട്.
ചുറ്റും പച്ചപ്പും, നീലയോ പച്ചയോ എന്നറിയാത്ത വിധം മനോഹരമായ തെളിഞ്ഞ വെള്ളവും നിറഞ്ഞ നീരുറവ കണ്ണിനു വിരുന്നൊരുക്കുന്ന കാഴ്ചയാണ്. ഏറ്റവും പരിചയസമ്പന്നരായ മുങ്ങൽ വിദഗ്ധർക്ക് പോലും വെല്ലുവിളി ഉയർത്തുന്ന ഒട്ടേറെ ഭൂഗർഭ കനാലുകളും ഈ നീരുറവയ്ക്ക് താഴെയുണ്ട്. കൃപജില്‍ നിര്‍മ്മിച്ച അണക്കെട്ടിന്‍റെ പരിസരങ്ങളിലായി സുന്ദരമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങളും കാണാം.