അങ്ങനെ ഭൂതം നടന്ന വഴി ഒടുവിൽ ഇങ്ങനെയായി
ഭൂതം നടന്ന വഴിയോ എന്ന് ചോദിക്കാൻ വരട്ടെ, അത്തരത്തിലൊരു സ്ഥലം ഉണ്ട്. ‘ഭൂതത്താന്റെ നടവരമ്പ്’ എന്നാണ് ഈ ഇടത്തിന്‍റെ വിളിപ്പേര്. അയർലണ്ടിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പക്ഷെ ഇത് എത്രത്തോളം ശരിയാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.എല്ലായിടത്തേയും പോലെത്തന്നെ ഈ സ്ഥലത്തിന് ഭൂതത്താൻ നടവരമ്പ് എന്ന പേര് വന്നതിനും ഉണ്ട് ഒരു കഥ. പലരും പറഞ്ഞ് തഴിമ്പിച്ച കഥ അത് എന്താണെന്ന് നോക്കാം.
കടലിൽ നിന്നും കൊത്തി എടുത്ത പോലുള്ള നിരത്തിവെച്ച ഷഡ്ഭുജ കല്ലിടുക്ക് തൂണുകൾ നിറഞ്ഞ സ്ഥലമാണ് ഭൂതത്താൻ നടവരമ്പ്. ഇത് നിർമ്മിച്ചത് പുരാതന അയർലണ്ടിലെ ഫിയോൻ മാക്കൂൾ എന്ന ഭൂതമാണെന്നാണ് കഥ. അത് കൊണ്ട് തന്നെയാണ് ഇതിന് ഭൂതത്താന്‍റെ നടവരമ്പ് എന്ന് പറയുന്നത്.ശാസ്ത്രം പറയുന്നത് ചരിത്രം ഇതല്ല എന്നും 60 ലക്ഷം വർഷം മുമ്പുള്ള അഗ്നിപർവത സ്ഫോടനമാണ് കല്ലുകൾ ഈ രീതിയിൽ രൂപപ്പെടാൻ കാരണമെന്നാണ്. ലാവ തണുത്തുറഞ്ഞപ്പോൾ അവയിൽ വിള്ളൽ പ്രത്യക്ഷപ്പെടുകയും അവ നിരത്തിവെച്ച ഷഡ്ഭുജ തൂണുകൾ പോലെയാവുകയും ചെയ്‌തെന്നും ശാസ്ത്രജ്ഞർ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ നാട്ടുകാരും മറ്റും ഇന്നും വിശ്വസിക്കുന്നത് ഇത് ഭൂതത്താൻ നടന്ന വരമ്പാണെന്നാണ്.1986ൽ അയർലണ്ടിലെ ഈ സ്ഥലത്തെ യുനെസ്‌കോ ലോക പൈതൃക സ്ഥലമായി തെരഞ്ഞെടുത്തിട്ടുണ്ട്. എന്തായാലും പേര് കൊണ്ടും കഥകൾ കൊണ്ടും വ്യത്യസ്തപ്പെട്ട് നിൽക്കുകയാണ് ഭൂതത്താൻ നടവരമ്പ്.