ഇത് ചന്ദ്രന്‍റെ താഴ്വര, ചൊവ്വയുടെയും; നൂറ്റാണ്ടുകളായി മഴപെയ്യാത്ത കൊടുംമരുഭൂമി
ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് തെക്കേ അമേരിക്കയില്‍ സ്ഥിതിചെയ്യുന്ന അറ്റകാമ മരുഭൂമി. നൂറുകണക്കിന് വർഷങ്ങളായി ഒരു തുള്ളി മഴ പോലും ലഭിച്ചിട്ടില്ലാത്ത ഒട്ടേറെ ഇടങ്ങള്‍ ഇവിടെയുണ്ട്. പ്രത്യേക തരത്തിലുള്ള പരിസ്ഥിതിയും കാലാവസ്ഥയും വരണ്ട ഭൂമിയുമെല്ലാം കാരണം, ഇത് ഭൂമിയില്‍ത്തന്നെയാണോ എന്നുപോലും പലപ്പോഴും സംശയം തോന്നിപ്പോകും. ചൊവ്വാ ഗ്രഹത്തിന്‍റെ ഉപരിതലവുമായി വളരെയധികം സാമ്യമുള്ള ഒട്ടേറെ ഭാഗങ്ങള്‍ അറ്റക്കാമയിലുണ്ട്. ചൊവ്വ പശ്ചാത്തലമായുള്ള പല ചലച്ചിത്രങ്ങളുടെയും ചിത്രീകരണ വേദിയായിരുന്നു ഇവിടം. എന്തിനേറെപ്പറയുന്നു, ചൊവ്വ പര്യവേഷണ ദൗത്യത്തിന്‍റെ ഭാഗമായി ആദ്യം റോവര്‍ ഓടിച്ചു പരീക്ഷിച്ചത് പോലും ഇവിടെയായിരുന്നു.ചിലെയുടെ ഉത്തരഭാഗത്ത് 181,300 ചതുരശ്ര കി.മീ വിസ്തൃതിയിൽ പരന്നുകിടക്കുന്ന അറ്റക്കാമ മരുഭൂമിയുടെ മിക്ക ഭാഗങ്ങളും ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ചൊവ്വയുടേത് മാത്രമല്ല, ചന്ദ്രന്‍റെ ഉപരിതലവുമായി സാമ്യമുള്ള വളരെ പ്രശസ്തമായ ഒരു ഭാഗമുണ്ട് ഇവിടെ. ‘എൽ വാലെ ഡി ലാ ലൂണ’ അഥവാ ചാന്ദ്ര താഴ്‍വര എന്നാണ് ഈ ഇടത്തിന് പേര്.ചിലെയുടെ വടക്കുഭാഗത്തുള്ള പ്രധാനപട്ടണമായ സാന്‍ പെദ്രോ ഡി അറ്റക്കാമയില്‍ നിന്നും 13 കിലോമീറ്റർ പടിഞ്ഞാറ് മാറി, അറ്റകാമ മരുഭൂമിയുടെ ഭാഗമായ കോർഡില്ലേര ഡി ലാ സാലിലാണ് ഈ താഴ്‍വര.
കാലങ്ങളായി കാറ്റും വെള്ളവും ഒത്തുചേര്‍ന്ന് കൊത്തിയെടുത്ത, ആകര്‍ഷകത്വമാര്‍ന്ന ധാരാളം കല്ലുകളും കൗതുകകരമായ മണൽ രൂപങ്ങളും ഇവിടെയുണ്ട്. വര്‍ണാഭമായ ഈ കല്ലുകളും അവയുടെ അപൂര്‍വ്വമായ ഘടനയുമെല്ലാം ചേര്‍ന്ന് ചന്ദ്രോപരിതലത്തിന്‍റെ പ്രതീതി ഉളവാക്കുന്നു. ഉണങ്ങിവരണ്ടുപോയ തടാകങ്ങളും ഒട്ടേറെ ഇവിടെ കാണാം. ഇവയ്ക്ക് മുകളില്‍ ഉപ്പുപരലുകളുടെ നേര്‍ത്ത പാളിയും സാധാരണമാണ്. താഴ്വരയില്‍ ധാരാളം ഗുഹകളും ഉണ്ട്. ആന്‍ഡീസ് പര്‍വതപ്രദേശത്തെ പ്രകൃതിസംരക്ഷണ കേന്ദ്രമായ റിസർവ നാഷനൽ ലോസ് ഫ്ലെമെൻകോസിന്‍റെ ഭാഗമാണ് വാലെ ഡി ലാ ലൂണ. വിചിത്രമായ ചാന്ദ്ര ഭൂപ്രകൃതി കാരണം 1982-ൽ താഴ്‍വര പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.
പ്രവേശനസമയവും ടിക്കറ്റ് നിരക്കും
പ്രത്യേക നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് നാലുമണി വരെയാണ് സന്ദര്‍ശകര്‍ക്ക് അനുവദിച്ച സമയം. പ്രവേശനം സൗജന്യമല്ല, ഇതിനുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി വാങ്ങണം.
ശ്രദ്ധിച്ചില്ലെങ്കില്‍ പുറത്താക്കും!
പരമാവധി പന്ത്രണ്ടു പേരുള്ള ചെറിയ ഗ്രൂപ്പുകളായാണ് പ്രവേശനം. ഔദ്യോഗിക പ്രോട്ടോക്കോൾ അനുസരിച്ച്, താഴ്‌വരയിൽ പ്രവേശിച്ചുകഴിഞ്ഞാൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ഗൈഡ് വിശദീകരിക്കും. സന്ദര്‍ശകര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. ടിക്കറ്റെടുക്കുമ്പോള്‍ ലഭിച്ച മൊബിലിറ്റി പാസ് സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. വാലെ ഡി ലാ ലൂണയിൽ ഭക്ഷണം, ലഹരിപാനീയങ്ങൾ എന്നിവ കഴിക്കുന്നത് അനുവദനീയമല്ല. നിയമങ്ങള്‍ പാലിക്കാത്തവരോട് സംസാരമൊന്നുമില്ല, നേരെ തൂക്കിയെടുത്ത് താഴ്വരയ്ക്ക് പുറത്തിടും, ടിക്കറ്റിന് ചിലവായ തുക തിരിച്ചു തരികയുമില്ല!
ചാന്ദ്രതാഴ്വരയിലെ ട്രെക്കിങ് എങ്ങനെയുണ്ടാകും?
ചന്ദ്രന് മുകളിലൂടെ നടക്കുന്നതുപോലുള്ള അപൂര്‍വ അനുഭവം മാത്രമല്ല, കിടിലന്‍ ഹൈക്കിങ് റൂട്ടുകളും വാലെ ഡി ലാ ലൂണയിലുണ്ട്. ഡൂണ മേയർ വ്യൂപോയിന്‍റ്, ആംഫിതിയേറ്റർ, വിക്ടോറിയ മൈൻ, ട്രെസ് മരിയാസ്, കാരി വ്യൂപോയിന്‍റ് എന്നിവയാണ് ഇവിടുത്തെ നാല് പ്രധാന മേഖലകള്‍.
ഡൂണ മേയർ വ്യൂപോയിന്‍റ്
ഒരു ദിശയിലേയ്ക്ക് മാത്രമുള്ള പാതയാണിത്. പരമാവധി 10 മിനിറ്റ് വീതം, ഒരേ സമയം രണ്ട് ഗ്രൂപ്പ് സന്ദർശകരെ അനുവദിക്കും. വ്യൂപോയിന്‍റിലെ സ്റ്റോപ്പ് ഉൾപ്പെടെ പരമാവധി 40 മിനിറ്റാണ് ടൂറിന്‍റെ ആകെ സമയം.
വിക്ടോറിയ മൈൻ
ഈ പാതയും ഒരു ദിശയിലേയ്ക്ക് മാത്രമേയുള്ളൂ. ഒരുവശത്ത് കൂടി പ്രവേശിച്ചാല്‍ മറുവശത്ത് കൂടി പുറത്തു കടക്കാം. ഒരേ സമയം പരമാവധി 48 സന്ദർശകരെ അനുവദിക്കും. അരമണിക്കൂര്‍ ആണ് ആകെ സന്ദർശന സമയം. ട്രെസ്
മരിയാസ്
പരമാവധി 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെക്കിംഗ് റൂട്ടാണിത്. ഒരേസമയം 24 സന്ദർശകര്‍ക്ക് യാത്ര ചെയ്യാം. വിചിത്രമായ ആകൃതികളിലുള്ള പാറക്കൂട്ടങ്ങളാണ് ഈ പാതയിലെ പ്രധാനകാഴ്ച.
കാരി വ്യൂപോയിന്‍റ്
വാലെ ഡി ലാ ലൂണയിലെ അവസാന റൂട്ടാണിത്. ഒരു ഗ്രൂപ്പിന് പരമാവധി 60 മിനിറ്റ് സമയമാണ് ഈ ഹൈക്കിംഗ് റൂട്ടിലൂടെ പോകാനാവുക.എല്ലാ റൂട്ടുകളിലും ഹൈക്കിംഗ് പാതകള്‍ വ്യക്തമായും കൃത്യമായും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവയിലൂടെ മാത്രമേ നടക്കാന്‍ പാടുള്ളൂ. പരിധി ലംഘിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. മാത്രമല്ല, കടുത്ത ചൂടുള്ള സ്ഥലമായതിനാല്‍ സണ്‍സ്ക്രീനും വെള്ളവും നിര്‍ബന്ധമായും കയ്യില്‍ കരുതണം.
അറ്റകാമ സന്ദർശിക്കാൻ പറ്റിയ സമയം
ഡിസംബർ, ജനുവരി, ഫെബ്രുവരി എന്നീ വേനൽക്കാല മാസങ്ങളാണ് അറ്റകാമ മരുഭൂമി സന്ദർശിക്കുന്നതിനുള്ള ഏറ്റവും പ്രശസ്തമായ സീസൺ. സുഖകരമായ പകലുകളും ചൂടേറിയ രാത്രികളും ഈ സമയത്തെ പ്രത്യേകതയാണ്