November 27, 2024, 7:57 pm

ഇറാനിലെ ‘ലൂട്ട്’മരുഭൂമി; ‘മരണത്താഴ്‌വര’യെക്കാൾ ചൂട് കൂടിയ പ്രദേശം

കലിഫോര്‍ണിയയിലെ ‘മരണത്താഴ്‌വര’ പേരു പോലെ തന്നെ ഭൂമിയിലെ ഏറ്റവും അപകടകരമായ മേഖലകളില്‍ ഒന്നാണ്. ഭൂമിയില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത് ഈ മരണത്താഴ്‌വരയിലാണെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും വേനല്‍ക്കാലത്ത് മരണത്താഴ്‌വരയിലെ ഉയര്‍ന്ന താപനിലയെന്നത് ഭൂമിയിലെ തന്നെ വർധിക്കുന്ന താപനിലയുടെ അളവുകോലായിരുന്നു. എന്നാല്‍ ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില അളക്കുന്ന രീതി ഒന്ന് മാറ്റിയാല്‍, പക്ഷേ മരണത്താഴ്‌വരയുടെ ഈ പദവി നഷ്ടപ്പെടും. മരണത്താഴ്‌വരയേക്കാള്‍ ചൂട് അനുഭവപ്പെടുന്ന ഒരു ഭൂഭാഗം കൂടിയുണ്ട്. ഇറാനിലെ ‘ലൂട്ട്’ മരുഭൂമി ആണിത്. ഇതിന് തൊട്ടു പിന്നിലായും മരണത്താഴ്‌വരയ്ക്ക് മുന്നിലായും അമേരിക്കയിലെ തന്നെ ‘സോനറന്‍’ മരുഭൂമിയും ഇടം പിടിക്കും. താപനിലയും പ്രതല താപവും കലിഫോര്‍ണിയയിലെ മരണത്താഴ്‌വരയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനില 56.7 ഡിഗ്രി സെല്‍ഷ്യസാണ്. പൊതുവെ ലോകത്തെ എല്ലായിടത്തും താപനിലയെന്നാല്‍ കണക്കാക്കുന്നത് അന്തരീക്ഷ താപനിലയാണ്. ഇന്ത്യയിലെ ഏറ്റവും ചൂടുള്ള പ്രദേശമായി രാജസ്ഥാനിലെ ജയ്സാല്‍മീര്‍ മാറുന്നതും കേരളത്തില്‍ ഏറ്റവുമധികം താപനില പാലക്കാട് ചിറ്റൂരില്‍ രേഖപ്പെടുത്തുന്നതുമെല്ലാം ഈ അന്തരീക്ഷ താപനില മാനദണ്ഡമാക്കിയാണ്. എന്നാല്‍ അന്തരീക്ഷ താപനിലയ്ക്ക് പകരം പ്രതല താപനില അടിസ്ഥാനമാക്കിയാല്‍ സ്ഥിതി വ്യത്യസ്തമാകും എന്നാണ് ലൂട്ട് ,സെനോറാന്‍ മരുഭൂമികളിലെ കണക്കുകള്‍ തെളിയിക്കുന്നത്.

ലൂട്ട്

പല കാലഘട്ടങ്ങളിലായി കഴിഞ്ഞ ദശാബ്ദത്തില്‍ നടത്തിയ പഠനം അനുസരിച്ച് 2000 ആണ്ടിന് ശേഷം പലപ്പോഴായി ലൂട്ടിലെ താപനില 70.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് യഥാർഥത്തില്‍ വളരെ താഴ്ന്ന കണക്കായിരിക്കുമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ കണക്കു കൂട്ടുന്നത്. പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള പഠനത്തില്‍ ലൂട്ട് മരുഭൂമിയിലെ പ്രതല താപനില അക്കാലത്ത് രേഖപ്പെടുത്തിയ കണക്കില്‍ നിന്ന് 10 ഡിഗ്രി സെല്‍ഷ്യസെങ്കിലും ഉയര്‍ന്നതായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു,

സോനറന്‍ മരുഭൂമി

യുഎസ്, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള മരുഭൂമിയാണ് സോനറന്‍. ഏറെക്കുറെ ലൂട്ടിലേതിനു സമാനമായ സ്ഥിതിയാണ് സോനറന്‍ മരുഭൂമിയിലുമുള്ളത്. മഴ വളരെ കുറവ് ലഭിക്കുന്ന ഈ പ്രദേശത്തിന്‍റെ ഭൂനിരപ്പ് ഏറെ താഴ്ന്നതാണ്. അതുകൊണ്ട് തന്നെ ഭൂമിക്ക് തണുക്കാനാവശ്യമായ കാറ്റ് വേനല്‍ക്കാലത്ത് ലഭിക്കാറില്ല എന്നതാണ് ഇവിടുത്തെ പ്രതല താപനില വർധിക്കുന്നതിന് കാരണം.

You may have missed