‘കേരള’ അല്ല, ഓദ്യോഗീക നാമം ‘കേരളം’ എന്നാക്കാൻ നിയമസഭയിൽ പ്രമേയം പാസാക്കി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. ഭരണഘടനയിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കേരളം എന്നാക്കി ഭേദഗതി ചെയ്യുന്നതിനാണ് സഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസായതോടെ സർക്കാർ രേഖകളിലടക്കം ‘കേരളം’ എന്ന നാമം ഉപയോഗത്തിൽ വരും.ഭരണഘടനയിലും ഔദ്യോഗികമായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള എഴുത്തിലും ഈ മാറ്റം പ്രകടമാകും.