November 27, 2024, 9:20 pm

കോട്ടകളും പുരാതന നിർമിതികളും നിറഞ്ഞ ‘കാസിൽ കോംബേ’; ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം

നഗര തിരക്കുകളിൽ വീർപ്പുമുട്ടി ഗ്രമീണതയിലേക്ക് മടങ്ങാൻ കൊതിക്കുന്നവരാണ് അധികവും. കേരളത്തിന്റെ പച്ചപ്പ്‌ നിറഞ്ഞ കാഴ്ചകളിൽ നിന്നും മാറി രാജകീയ കാലഘട്ടത്തിലെ കോട്ടകൾ നിറഞ്ഞ കാഴ്ചകളിൽ മുഴുകണമെങ്കിൽ ഇംഗ്ലണ്ടിലെ കോട്‌സ്‌വോൾഡിൽ അങ്ങനെയൊരു ഗ്രാമമുണ്ട്. കാസിൽ കോംബേ എന്ന ഗ്രാമ വിനോദ സഞ്ചാരികൾക്ക് അത്ഭുതം നിറയ്ക്കുന്ന അപൂർവമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.

തേൻ നിറമുള്ള കോട്ടേജുകളും പുരാതന രീതിയിലുള്ള നിർമാണവും സഞ്ചാരികളെ പഴയ കാലഘട്ടത്തിലേക്ക് നയിക്കുന്നു. ശൈത്യകാലത്തും വേനൽക്കാലത്തും വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്ന കാസിൽ കോംബേ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഒരു പോസ്റ്റ് കാർഡ് പോലെ മനോഹരമായ കാസിൽ കൊവിഡ് പ്രതിസന്ധി നീങ്ങിയ സാഹചര്യത്തിൽ കാഴ്ചക്കാരെക്കൊണ്ട് നിറയുകയാണ്. ഇപ്പോൾ കാസിൽ കോംബേ സ്ഥിതിചെയ്യുന്ന കുന്നിൻ മുകളിൽ അഞ്ചാം നൂറ്റാണ്ടിൽ, ഒരു റോമൻ വില്ല ഉണ്ടായിരുന്നു. നൂറുകണക്കിനു വർഷങ്ങൾക്കുശേഷം 1135 നും 1154 നും ഇടയിൽ, ഗ്രാമം ഇപ്പോൾ സ്ഥിതിചെയ്യുന്നതിന് തൊട്ടു മുകളിലായുള്ള കുന്നിൻ മുകളിൽ ഒരു കോട്ട പണിതു. കുന്നിൻ മുകളിലെ കോട്ട എന്നതിലുപരി വളരെയധികം ദൃശ്യഭംഗി പ്രദാനം ചെയ്ത കോട്ട, പതിനാലാം നൂറ്റാണ്ടോടെ തകർച്ച നേരിട്ടു. എന്നാൽ, ആ സമയത്തെല്ലാം കാസിൽ കോംബേ ഗ്രാമം ചെമ്മരിയാട് വളർത്തലും കമ്പിളി വ്യവസായവുമൊക്കെയായി സജീവമായിരുന്നു. ഒട്ടേറെ നെയ്ത്തുകാർക്ക് ഈ ഗ്രാമം തുണയായി. മാത്രമല്ല, ഒട്ടേറെ വീടുകൾ പിന്നീടുള്ള നൂറുവർഷങ്ങളിൽ അവിടെ ഉയർന്നു. ഇന്ന് കാസിൽ കോംബേ ഗ്രാമം കാണുന്നവർ അടുത്ത കാലത്ത് നിർമിച്ച വീടുകൾ എന്ന് കരുതിയേക്കാം, എന്നാൽ 1600ന് ശേഷം ഇവിടെ പുതിയതായി ഒരു കെട്ടിടം പോലും വന്നിട്ടില്ല. കോട്‌സ്‌വോൾഡിലെ ഗ്രാമീണ ചുറ്റുപാടിലാണ് കാസിൽ കോംബേ സ്ഥിതിചെയ്യുന്നത്. മനോഹരമായ ദൃശ്യഭംഗിയാണ് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. യു കെയിൽ ചിത്രീകരിച്ച പീരിയഡ് ചിത്രങ്ങളുടെ പശ്ചാത്തലമായി കാസിൽ കോംബേ ലോകം മുൻപ് തന്നെ കണ്ടിട്ടുണ്ടാകും.യൂറോപ്പിൽ സന്ദർശിക്കാവുന്ന ഏറ്റവും സവിശേഷമായ ഗ്രാമങ്ങളിലൊന്നാണ് കാസിൽ കോംബേ.

You may have missed