November 27, 2024, 5:53 pm

39 കോടി വർഷം പഴക്കമുള്ള ഹിമാലയത്തിലെ ടക്കാക്കിയ പായൽ ശേഖരം വംശനാശ ഭീഷണിയിൽ

ലോകത്തിലേറ്റവും പഴക്കമേറിയതും ഹിമാലയത്തില്‍ കാണപ്പെടുന്നതുമായ പായല്‍ വംശനാശ ഭീഷണിയില്‍. ഹിമാലയം രൂപപ്പെടുന്നതിനും മുന്നേ പ്രദേശത്തുണ്ടായിരുന്ന ടക്കാക്കിയ എന്ന് വിളിപ്പേരുള്ള പായലാണ് ഭീഷണി നേരിടുന്നത്. 39 കോടി (390 ദശലക്ഷം) വര്‍ഷത്തിന്റെ പഴക്കമാണ് പായല്‍ശേഖരത്തിന് കണക്കാക്കുന്നത്. വര്‍ഷങ്ങളായുള്ള പരിണാമത്തിനും പായല്‍ശേഖരം വിധേയമായതായി കരുതപ്പെടുന്നു.
ഈ പായലുകള്‍ വളരെ മെല്ലെയാണ് വളര്‍ച്ച കൈവരിക്കുന്നത്. അമേരിക്ക, ജപ്പാന്‍, ടിബറ്റ് തുടങ്ങിയ മേഖലകളുടെ വിദൂരപ്രദേശങ്ങളിലാണ് ഇവ കാണാന്‍ കഴിയുക. ദശാബ്ദങ്ങള്‍ നീണ്ട പര്യവേഷണത്തിനൊടുവില്‍ ഗവേഷകര്‍ ഈ പായല്‍ശേഖരത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്നാണ് ഇവ കാലാവസ്ഥാ പ്രതിസന്ധി മൂലം ഭീഷണി നേരിടുന്നതായി കണ്ടെത്തിയത്.
ഉയര്‍ന്ന ഹിമാലയന്‍ മലനിരകളില്‍ പലപ്പോഴും കാലാവസ്ഥ മനുഷ്യര്‍ക്ക് അനുകൂലമാകില്ല. ഇത് പഠനത്തിന് ഏറെ തടസ്സം സൃഷ്ടിച്ചുവെന്ന് പഠനത്തിന്റെ മുഖ്യരചയിതാക്കളിലൊരാള്‍ പറയുന്നു. പരിണാമകരമായി ഏറെ പ്രത്യേകതകളുള്ള ടക്കാക്കിയ്ക്ക് ഹിമാലയം രൂപപ്പെടുമ്പോള്‍ 10 കോടി വര്‍ഷം (100 ദശലക്ഷം) പ്രായമാണ് കണക്കാക്കപ്പെടുന്നത്. ജീവിച്ചിരിക്കുന്ന ഫോസിലുകളായും ഇവ വിലയിരുത്തപ്പെടുന്നു.
പ്രതികൂല കാലാവസ്ഥകളോട് പരിണാമത്തിലൂടെ പൊരുതി ഏത് സാഹചര്യത്തെയും നേരിടാനുള്ള കഴിവ് പായല്‍ശേഖരം ആര്‍ജിച്ചതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ തണുപ്പ് പ്രദേശമായ ഹിമാലയം പോലും കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ന് ചൂട് നേരിടുകയാണ്. മഞ്ഞുരുകല്‍ രൂക്ഷമായപ്പോള്‍ പായല്‍ശേഖരങ്ങള്‍ നേരിടേണ്ടി വന്നത് മുന്‍പുണ്ടായിരുന്നതിനെക്കാള്‍ തീവ്രതയുള്ള അല്‍ട്രാവയലറ്റ് രശ്മികളാണ്.
21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ‘ടക്കാക്കിയ’ പായല്‍ശേഖരങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായതെന്ന് കരുതപ്പെടുന്ന പ്രദേശം ലോകത്താകെ 1,000-1,500 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമേ ഉണ്ടാകൂവെന്നാണ് ഗവേഷകര്‍ പറയുന്നത്

You may have missed