April 2, 2025, 4:44 am

മലമുകളിലെ കൊട്ടാരത്തിൽ രാജാവിനായി നിർമിച്ച ലിഫ്റ്റ്- രാവണന്റെ രാക്ഷസ കോട്ടയുടെ കാഴ്ചകളുമായി സിഗിരിയ

പല കാഴ്ച്ചകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. രാമായണ കഥയിലെ നേര്‍ക്കാഴ്ച്ചകള്‍ ഇവിടെയെത്തിയാല്‍ അനുഭവിക്കാന്‍ കഴിയും. അതാണ് ശ്രീലങ്കയിലെ സിഗിരിയ. ഒരു പാറ പീഠഭൂമിയാണിവിടം. താഴെ നിരവധി ഗുഹകള്‍ കാണാം. ഗുഹകളില്‍ നിരവധി ചുമര്‍ ചിത്രങ്ങളും കാണാന്‍ സാധിക്കും. വനവാസകാലത്ത് കാട്ടില്‍ നിന്ന് സീതയെ രാവണന്‍ തട്ടിക്കൊണ്ടു പോയി പാര്‍പ്പിച്ചത് ഈ ഗുഹകളില്‍ ഒന്നിലായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടത്തെ രാവണന്റെ കൊട്ടാരവും ഏറെ ചര്‍ച്ചാവിഷയത്തിന് വിധേയമായ ഒന്നാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കാലഘട്ടത്തില്‍ അത്യാഡംബര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള കൊട്ടാരമാണിതെന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാം. സ്വര്‍ണത്താല്‍ നിര്‍മ്മിതമായ ഈ കൊട്ടാരത്തില്‍ എല്ലാവിധ അത്യാഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു. ആയിരം പടവുകള്‍ ചവിട്ടി വേണം മുകളിലെത്താന്‍. എന്നാല്‍ രാജാവിനും സന്ദര്‍ശകര്‍ക്കുമായി ഇവിടെ ലിഫ്റ്റുകളും സജ്ജീകരിച്ചിരുന്നു എന്നതാണ് ഏറെ കൗതുകകരമായ വസ്തുത. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള സിഗിരിയ ശ്രീലങ്കയിലെ മതാലെ ജില്ലയിലെ ദംബുള്ള ടൗണിലാണ് സ്ഥിതി ചെയ്യുന്നത്. പതിനാലാം നൂറ്റാണ്ടു വരെ ഇവിടെ ബുദ്ധസന്യാസിമാരുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ന് പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണിത്.