കേരളത്തിലെ ‘കെ ഫോണ്‍’ മാതൃക പഠിക്കാന്‍ തമിഴ്നാടും
തിരുവനന്തപുരം : കേരളത്തിന്‍റെ സ്വന്തം ഇന്‍റർനെറ്റ് സർവീസായ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്‌നാട് സർക്കാർ. തമിഴ്നാട് ഐ ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ തിരുവനന്തപുരത്തെത്തി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കെ ഫോണ്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു.തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്‍റെ മാതൃക നടപ്പിലാക്കുക.
കൂടിക്കാഴ്ചയില്‍ തമിഴ്നാട് ഐ ടി സെക്രട്ടറി ജെ. കുമാരഗുരുബരന്‍, ടാന്‍ഫിനെറ്റ് കോര്‍പ്പറേഷന്‍ എം ഡി എ ജോണ്‍ ലൂയിസ്, ഐ ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, കെ ഫോണ്‍ എം ഡി ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
നിയമസഭ സമ്മേളനത്തിനും സംഘം സാക്ഷിയായി. മന്ത്രിയടക്കമുള്ള സംഘത്തെ സ്‌പീക്കർ എ എൻ ഷംസീർ സഭയ്ക്ക് പരിചയപ്പെടുത്തി. ആധുനിക രീതിയിൽ ക്രമീകരിച്ച ഇ- നിയമസഭയെക്കുറിച്ചും, കടലാസ് രഹിത നിയമസഭ പദ്ധതി നടപ്പിലാക്കിയതിനെ കുറിച്ചും സംഘം സ്‌പീക്കറുമായി ആശയവിനിമയം നടത്തി.നിയമസഭ സ്‌പീക്കറുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്‌ചയിൽ, കേരള മോഡൽ വികസന പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിക്കപ്പെട്ടു. പരസ്‌പര സഹകരണം വാഗ്‌ദാനം ചെയ്‌തുകൊണ്ട് നിയമസഭയുടെ ഉപഹാരം സ്‌പീക്കർ സമ്മാനിച്ചു.