November 27, 2024, 6:08 pm

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗ്രാഫ് ഉയർത്തി ദിലീപ്

സാധാരണക്കാരന്റെ ശബ്ദമായി സത്യനാഥൻ

വിനോദോപാധിയായ സിനിമക്ക് ഏറ്റവും ആവശ്യം രചനാ വൈഭവമാണെന്ന് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ദിലീപിനെ നായകനാക്കി റാഫി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത് രചനയുടെ മിടുക്ക് തന്നെയാണ്. അയല്‍പക്കത്തെ പയ്യനെന്ന തൻ്റെ ആദ്യകാല ഇമേജിലേക്ക് ദിലീപ് തിരിഞ്ഞു നടക്കാന്‍ ശ്രമിച്ച ചിത്രം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. നാവുകൊണ്ടും വാക്കുകള്‍ കൊണ്ടും മറ്റുള്ളവരെ മുറിവേല്‍പ്പിക്കുകയും സ്വയം മുറിവേല്‍ക്കുകയും ചെയ്യുന്ന കഥാപാത്രമാണ് സത്യനാഥന്‍. പക്ഷേ, ജീവിതത്തില്‍ ഒരിക്കല്‍ സത്യത്തെ ജയിപ്പിക്കാന്‍ അയാള്‍ നടത്തുന്ന പോരാട്ടം സത്യ’നാഥ’നെ സത്യ’നാദ’ന്‍ കൂടിയാക്കുന്നുണ്ട്.വേണമെന്ന് വിചാരിച്ചിട്ടൊന്നുമില്ല, വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടാക്കുന്നതാണ് സത്യനാഥൻ്റെ രീതി. അയല്‍പക്കത്തെ തബല വര്‍ക്കിയെ അദ്ദേഹത്തിൻ്റെ അറുപതാം ജന്മദിനത്തില്‍ ‘തവള’ വര്‍ക്കിയായി നാട്ടുകാരുടെ മുമ്പില്‍ അവതരിപ്പിച്ചതില്‍ സത്യനാഥന്‍ വഹിച്ച പങ്കും അതിനയാള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന പൊല്ലാപ്പും ചില്ലറയായിരുന്നില്ല. എന്തിനധികം, പ്രണയിച്ചു വിവാഹം കഴിച്ച് തന്നോടൊപ്പം നാടുവിടേണ്ടി വന്ന ഭാര്യയെ വരെ അയാളുടെ നാവ് വെറുതെ വിടുന്നില്ല.സിനിമ കണ്ടവർ എല്ലാം തന്നെ നല്ല അഭിപ്രായവും ആൺ മുന്നോട് വച്ചിരിക്കുന്നത്.


കൗതുകകരവും വ്യത്യസ്തവുമായ വഴികളിലൂടെ സത്യനാഥൻ്റെ ‘ശബ്ദ’യാത്രകളെ സംവിധായകന്‍ ചിത്രീകരിച്ചിട്ടുണ്ട്.അയാളുണ്ടാക്കുന്ന പൊല്ലാപ്പുകളോടൊപ്പം പൂര്‍ത്തിയാകാത്ത വാക്കുകളിലെ ദ്വയാര്‍ഥങ്ങള്‍ പ്രതിസന്ധികളുടെ കൊടുമുടികളാണ് അയാള്‍ക്കു മുമ്പില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിനെ കുറിച്ച് പറയുന്നത് ഇന്ത്യന്‍ പ്രസിഡന്റിനെ കുറിച്ചാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നുവെന്ന് മാത്രമല്ല അതൊരു ഇന്റലിജന്‍സ് ഓഫീസർ കേള്‍ക്കാന്‍ ഇടവരികയും ചെയ്യുന്നുണ്ട് . നാവാണ് സത്യനാഥന് വിനയാകുന്നതെങ്കിലും ഒടുവിലയാളുടെ നാവും നല്ല മനസ്സും അയാളുടെ തുണയ്‌ക്കെത്തുകയും ചെയ്യുന്നു.തൻ്റെ ശബ്ദവും അത് പ്രസരിപ്പിക്കുന്ന അര്‍ഥവ്യത്യാസങ്ങളും എത്രമാത്രം മോശമാണെന്ന് തിരിച്ചറിയാതെ അതുറക്കെപ്പറയാന്‍ ശ്രമിക്കുന്ന ദിലീപ് കഥാപാത്രമാണ് സൗണ്ട് തോമയിലെ തോമ. വോയ്‌സ് ഓഫ് സത്യനാഥനിലെ സത്യനാഥനാകട്ടെ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞില്ലാതാവുമെന്ന് അറിഞ്ഞിട്ടും അതുറക്കെ പറഞ്ഞ് പരമാവധി ശ്രദ്ധ ചെലുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. അയാള്‍ സമൂഹമൊരുക്കിയ നിയമങ്ങളുടെ തടവില്‍ കരുതല്‍ പാര്‍പ്പുകാരനാണെങ്കിലും ആ ശബ്ദം ഒരിക്കല്‍ എത്തേണ്ടിടത്തെത്തുകയും അതിന് വളരെ കൃത്യമായ ഫലം ഉണ്ടാവുകയും ചെയ്യുന്നു.ദിലീപാണ് നായകനെങ്കിലും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ‘അഴിഞ്ഞാടുന്ന’ സിദ്ദീഖിൻ്റെ തവള വര്‍ക്കിയും കണ്ണീരോടെ ചേര്‍ത്തു നിര്‍ത്തുന്ന ജോജു ജോര്‍ജ്ജിൻ്റെ ബാലേട്ടനും ‘പതിവ് കോപ്രായത്തര’ങ്ങളുമായി ജോണി ആന്റണിയുടെ പഞ്ചായത്ത് പ്രസിഡന്റുമായിരിക്കും വോയ്‌സ് ഓഫ് സത്യനാഥനില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നവര്‍. രണ്ടു കൈകളിലേയും ചൂണ്ടുവിരലും നടുവിരലും കാണിച്ച് ‘ഹേ ഗെയ്‌സ്’ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പിഷാരടിയുടെ യൂട്യൂബറും പ്രേക്ഷകരിലേക്ക് വേഗത്തിലടുക്കും.


ചില യഥാര്‍ഥ സംഭവങ്ങളെ കോര്‍ത്തിണക്കി അവയോടൊപ്പം ഭാവന ചേര്‍ത്തുമാണ് റാഫി കഥയൊരുക്കിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഇന്ത്യയിലെ ഏത് ഗ്രാമത്തിലും ഒരു സാധാരണക്കാരൻ്റെ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന ഈ സിനിമ തമാശ പറയുന്നതോടൊപ്പം ഗൗരവത്തിൻ്റെ ചില പൊട്ടുകള്‍ രംഗങ്ങളായും സംഭാഷങ്ങളായും അവതരിപ്പിക്കാന്‍ ഭയക്കുന്നുമില്ല. വ്യത്യസ്ത സാഹചര്യങ്ങളിലൂടെ പോകുന്ന ചില കഥകള്‍ ഒരു ബിന്ദുവില്‍ സംഗമിപ്പിക്കുന്നതില്‍ രചയിതാവും സംവിധായകനുമായ റാഫി മികവ് പ്രകടിപ്പിച്ചിരിക്കുന്നു. അവസാന ഭാഗത്ത് സത്യനാഥന്‍ രാഷ്ട്രപതി ഭവനിലേക്ക് പോകുന്നത് മഞ്ജുവാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യുവിലെ രംഗങ്ങളെ ഓര്‍മിപ്പിച്ചേക്കാമെങ്കിലും വിശദാംശങ്ങളിലേക്ക് കടക്കാതിരുന്നത് മികവായി.


തീവ്രവാദി ബന്ധമുള്ള കഥ പറയുമ്പോള്‍ ഏതെങ്കിലുമൊരു മതത്തേയോ ജാതിയേയോ കൂട്ടിക്കെട്ടുന്നത് സിനിമയിലെ പതിവാണ്. എന്നാല്‍ പതിവ് വോയ്‌സ് ഓഫ് സത്യനാഥന്‍ തെറ്റിക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകതയായി തോന്നിയത്. യാതൊരു മതചിഹ്നങ്ങളും പ്രകടമാക്കാതെ തീവ്രവാദി ബന്ധമുള്ള ആരുടേയും ജാതിയോ മതമോ പേരുകൊണ്ടുപോലും മനസ്സിലാവാതെ പാത്രസൃഷ്ടി നടത്തിയിരിക്കുന്നു. തീവ്രവാദമെന്നത് ഏതെങ്കിലും വ്യക്തികളിലേക്കും മതങ്ങളിലേക്കും ചേര്‍ക്കാതെ അതൊരു മാനസികാവസ്ഥയാണെന്ന തരത്തില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നു വോയ്‌സ് ഓഫ് സത്യനാഥന്‍.ഗ്രാമഭംഗിയും മുംബൈ നഗരത്തിരക്കും ഒരേ മനോഹാരിതയില്‍ സിനിമയുടെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. സത്യനാഥനു വേണ്ടിയൊരുക്കിയ പശ്ചാതല സംഗീതവും മികവു പുലര്‍ത്തിയിട്ടുണ്ട്. നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മികവും അതോടൊപ്പം അതിജാഗ്രതാ ശ്രമങ്ങള്‍ സാധാരണ മനുഷ്യരെ കുഴിയില്‍ ചാടിക്കുന്നതും ഈ സിനിമ വരച്ചു കാട്ടുന്നു.മൂന്നു വര്‍ഷത്തിന് ശേഷമാണ് ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഈ ചിത്രം കുടുംബ പ്രേക്ഷകര്‍ ഉള്‍പ്പെടെയുള്ളവരെ ആകര്‍ഷിക്കും. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, റിംഗ് മാസ്റ്റര്‍, ടൂ കണ്‍ട്രീസ് തുടങ്ങിയ ദിലീപ്- റാഫി ഹിറ്റ് ചിത്രങ്ങള്‍ മനസ്സില്‍വെച്ച് കാണാനെത്തുന്നവരെ വോയ്‌സ് ഓഫ് സത്യനാഥനും നിരാശപ്പെടുത്തില്ല. ബാദുഷ സിനിമാസിന്റേയും പെന്‍ ആന്റ് പേപ്പറിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍ എം ബാദുഷയും ഷിനോയ് മാത്യുവും ദിലീപും രാജന്‍ ചിറയിലും ചേര്‍ന്നാണ് വോയ്‌സ് ഓഫ് സത്യനാഥന്‍ നിര്‍മിച്ചിരിക്കുന്നത് 

You may have missed