മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായ ചെല്ലമ്മ
രാജാവിനെ പ്രണയിച്ച് ഭ്രാന്തിയായി പോയ സുന്ദരി ചെല്ലമ്മയുടെ കഥ
രാജാവിനെ പ്രണയിച്ചു ഭ്രാന്തിയായിമാറിയ ഒരു സുന്ദരി ചെല്ലമ്മയുടെ കഥ …
ഒരു സാങ്കൽപ്പിക കഥയല്ല ഇത് യഥാർത്ഥ ഒരു പ്രണയ കഥയാണിത്.
തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു ജീവിച്ചിരുന്ന പഴമക്കാർക്കെല്ലാം അറിയാവുന്ന ഒരു കഥ….. പ്രണയത്തിന്റെ പേരിൽ കൊല്ലും കൊലയും നടക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനൊരു പ്രണയ കഥ കേൾക്കുന്നത് ആത്മാർഥമായി പ്രണയിക്കുന്നവർക്കു ഒരു ആശ്വാസം തന്നെയാണ്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തിലെ ഇടവഴികളില്‍ പണ്ട് തന്റെ ‘പൊന്നുതമ്പുരാനെ’ കാത്തുനിന്ന പ്രണയിനിയെ ഇന്നും എല്ലാവർക്കും പരിചിതമാണ് . ജീവിതത്തിന്റെ ഭൂരിഭാഗവും ‘തമ്പുരാനെ’ കാത്തുനില്‍ക്കുകയായിരുന്നു സുന്ദരി ചെല്ലമ്മ . പണ്ട് തനിക്ക് ‘ പട്ടും വളയും’ സമ്മാനിച്ച ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വർമ്മ മഹാരാജാവിനോടുള്ള പ്രണയം മൂത്ത് നാട്ടുകാരുടെ കണ്ണില്‍ ‘ബുദ്ധിസ്ഥിരതയില്ലാത്തവളായിമാറിയ ഒരു ജന്മം.ആ പ്രണയിനിയുടെ തമ്പുരാനെ തേടിയുള്ള അലച്ചിലിന്റെ ഓര്‍മ്മകള്‍ ഇന്നും പത്മനാഭസ്വാമിക്ഷേത്രത്തിനു ചുറ്റുമുള്ള ഇടവഴികളിലൂടെ പോകുമ്പോള്‍ നമ്മെ അലട്ടും. അവിടെയാണവര്‍ തന്റെ തമ്പുരാനെ കാത്ത് നിന്നത്. രാവിലെ അമ്പലത്തിലെത്തുന്ന തമ്പുരാനെ ഒരു നോക്ക് കണ്ട് അവിടെ നിന്നാണ് അവര്‍ മടങ്ങിയത്.അവസാനം സ്വന്തം ജീവിതത്തില്‍ നിന്നു യാത്രയായതും ആ ഇടവഴിയില്‍ വച്ചുതന്നെ. ക്ഷേത്ര മതിലകവും കൽപടികളും ക്ഷേത്ര വീഥികളും.അനന്തശായിയായ ആ ഭഗവാനും മൂക സാക്ഷിയായ ഏറെ പഴക്കമില്ലാത്ത ഒരു ദുരന്ത പ്രണയ കഥയിലെ നായികയാണവർ.പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയിലെ പെൺകുട്ടികൾക്കായുള്ള (വടക്കേ കൊട്ടാരം-ഫോർട്ട് ഗേൾസ് മിഷൻ ഹൈ സ്കൂൾ ) സ്കൂളിലെ സംഗീത നൃത്ത അധ്യാപിക ആയിരുന്നു അതി സുന്ദരിയും വിദ്യാസമ്പന്നയും ആയ ചെല്ലമ്മ.
ഒരിക്കൽ തന്റെ വിദ്യാർത്ഥികളെ അനുഗമിച്ചു സ്കൂൾ ഗേറ്ററിന് മുന്നിൽ നിന്നിരുന്ന ചെല്ലമ്മ ശംഖുമുദ്രയുള്ള കാറിന്റെയുള്ളിലിരുന്നു പോകുന്ന ചിത്തിര തിരുനാൾ മഹാരാജാവിനെ ആദ്യമായി കാണുവാനിടവരുകയും തന്റെ കണ്ണുകൾ അദ്ദേഹത്തിലുടക്കിയതായ് മനസ്സിലാക്കുകയും ചെയ്തു. അതിനു ശേഷം നിരവധി തവണ. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽവച്ചും ,സ്കൂളിലെ പരിപാടികളിൽ ചീഫ് ഗസ്റ്റ് ആയി എത്തിയിരുന്നപ്പോഴും ശംഖുമുദ്രയുള്ള കാറിൽ സ്കൂളിനു മുന്നിലൂടെ പോകുമ്പോഴും മഹാരാജാവിനെ അവർ കാണാറുണ്ടായിരുന്നു.അവരറിയാതെ അവരുടെ ഹൃദയത്തിൽ സുന്ദരനായ അദ്ദേഹം കയറിക്കൂടി. പിന്നെ എപ്പോഴെല്ലാം സ്കൂളിൽ അദ്ദേഹം എത്തുന്നുവോ അന്നെല്ലാം തന്റെ മനോഹരമായ മുടികളിൽ മുല്ലപ്പൂ ചൂടിയും നെറ്റിയിൽ ചന്ദനം ചാർത്തിയും കൈകളിലും കഴുത്തിലും സ്വർണാഭരണങ്ങൾ അണിഞ്ഞും പതിവിലും ഏറെ സുന്ദരിയായി അവർ അണിഞ്ഞൊരുങ്ങുമായിരുന്നു.
അദ്ദേഹത്തെ കാണുമ്പോഴെല്ലാം അവർ പരിസരം തന്നെ മറന്നു നിന്നു ഒരു സാധാരണ നോട്ടമോ ചിരിയോ അദ്ദേഹത്തിൽ നിന്ന് ലഭിച്ചാൽ കോരി തരിച്ച പോലെയായിരുന്നു അവരുടെ ആ നിൽപ്പ്.അദ്ദേഹത്തിനായി മാത്രം അവർ അണിഞ്ഞൊരുങ്ങി ചുറ്റുമുള്ളതെല്ലാം മറന്നവർ സ്വപ്‌നങ്ങൾ കണ്ടു.എന്നാൽ ഒരിക്കൽ പോലും മഹാരാജാവ് ആ പ്രണയം അറിഞ്ഞിരുന്നില്ല .ചെല്ലമ്മക്ക് ഇരുപത്തൊന്നു തികഞ്ഞപ്പോഴായിരുന്നു ആ സുദിനം. തന്റെ സഹപ്രവർത്തകയായ ഭാനുമതി ടീച്ചർ ഒരു നാടകത്തിൽ അഭിനയിക്കാനായി ക്ഷണിക്കുകയുണ്ടായി.മഹാരാജാവായിരുന്നു ആ പരിപാടിയിലെ വിശിഷ്ടാതിഥി . സ്ത്രീകൾ നാടകം എന്നിങ്ങനെയുള്ള അഭിനയ വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന കാലത്ത് അവര്‍ മഹാരാജാവിന്റെ കൺമുന്നിൽ എത്തിപ്പെടാൻ വേണ്ടി മാത്രം അന്നവിടെ അവതരിപ്പിക്കപ്പെട്ട ആ നാടകത്തില്‍ അഭിനയിച്ചു . നാടകാനന്തരം വിശിഷ്ടാതിഥി ആയിരുന്ന മഹാരാജാവ് കുട്ടികള്‍ക്കും ടീച്ചര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഒരു കസവ്നേരിയത് മഹാരാജാവിന്റെ കൈകൾ കൊണ്ട് ചെല്ലമ്മയ്ക്ക് കിട്ടി.ചെല്ലമ്മക്ക് അത് വെറും സമ്മാനമായിരുന്നില്ല തന്റെ ‘പുടവകൊട’ ആയിരുന്നു. അങ്ങനെ ചെല്ലമ്മ സ്വയം ‘തമ്പുരാട്ടിയായി.’പട്ടമഹിഷി’യായി.ആ ‘പുടവകൊട’ ചെല്ലമ്മയുടെ മനസ്സില്‍ ആന്തോളനങ്ങള്‍ സൃഷ്ടിച്ചു. ചെല്ലമ്മ അടിമുടി മാറുകയായിരുന്നു. മഹാരാജാവ് തന്നെ വേളി കഴിച്ചു എന്ന് സ്വയം അത്തരത്തിൽ സങ്കൽപ്പിച്ചു .നായർ വിവാഹത്തിലെ സുപ്രധനമായ ‘പുടവ കൊടുക്കുക’ എന്ന വിവാഹ ചടങ്ങിന്റെ ഓര്‍മ്മകള്‍ കൊത്തിവലിച്ചു കൊണ്ടു പോയി ചെല്ലമ്മയുടെ മനസിനെ.താന്‍ മഹാരാജാവ് പുടവ നൽകി സ്വീകരിച്ചവൾ ആണെന്ന് സ്വയം ധരിച്ചു പോയി അവർ.അന്ധമായ അവരുടെ ആ പ്രണയം പതിയെ പതിയെ അവരുടെ മനസ്സിന്റെ സമനില തെറ്റുന്നതിലേക്കാണ് നയിച്ചത്.ശിഷ്യ ഗണങ്ങള്‍ പരിഭ്രാന്തരായി. ചെല്ലമ്മയുടെ ജോലി പോയി മുഴു ഭ്രാന്തിലേക്ക് അവരുടെ പ്രണയം അവരെ കൊണ്ടു ചെന്നെത്തിച്ചു. തന്റെ കുടുംബത്തിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. ഇത് ഒന്നുമറിയാതെ ,ഒന്നുമോര്‍ക്കാതെ എല്ലാ പ്രഭാതത്തിലും ചെല്ലമ്മ അണിഞ്ഞൊരുങ്ങി മുല്ലമാല ചൂടി കാത്ത് നിന്നു തന്റെ പൊന്നു തമ്പുരാനെ കാണാന്‍. ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ , സംവത്സരങ്ങള്‍ ചെല്ലമ്മ കാത്തിരുന്നു. വില്ലുകെട്ടിയ കുതിര വണ്ടിയുടെ,ശംഖുമുദ്രയുള്ള കാറിന്റെ. ശബ്ദം കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു. എന്നും രാവിലെ സുന്ദരിചെല്ലമ്മ ശ്രീകോവിലിൽ എത്തുമായിരുന്നു ഭഗവാനെ തൊഴാനല്ല പൊന്നുതമ്പുരാനെ ഒരു നോക്ക് കാണാന്‍.അര നൂറ്റാണ്ടോളമുള്ള പ്രഭാതങ്ങള്‍ ഒരിക്കല്‍ പോലും തമ്പുരാന്‍ ചെല്ലമ്മയെ ശ്രദ്ധിച്ചില്ല. എന്തിന് എല്ലാമറിയുന്ന പദ്മനാഭൻ പോലും അവരെ അറിഞ്ഞില്ല.അവരോടു കരുണ കാട്ടിയില്ല. എങ്കിലും ചെല്ലമ്മ വരും തമ്പുരാട്ടിയെ പോലെ ,പട്ടമഹിഷിയെപ്പോലെ. രാജാവിന്റെ പെണ്ണായി എന്നും വൃത്തിയുള്ള വസ്ത്രം അണിഞ്ഞ് പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനു വരുന്ന രാജാവിനെ കണ്ടു തൊഴുതു ചെല്ലമ്മ പ്രണയിച്ചു കൊണ്ടേയിരുന്നു മരണം വരെ. ഒടുവിൽ ഈ തെരുവില്‍ ഒരു ദിവസം അവരങ്ങ് ഉറങ്ങിപോയി ഇനി ഉണരാത്ത വിധം. അനന്തപുരിയുട പാതവക്കത്ത് പദ്മനാഭന്റെ വടക്കേ നടയിൽ ചെല്ലമ്മ മരിച്ചു. നമസ്കരിച്ചതുപോലെ തണുത്ത് വിറങ്ങലിച്ചു കിടന്നു സുന്ദരി ചെല്ലമ്മയുടെ ശരീരം. തിരുവിതാംകൂറിലെ ഏറ്റവും ശക്തനും, ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മഹാരാജാവുമായിരുന്നു ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്. രാജ്യത്തിനും ജനങ്ങൾക്കായും ജീവിച്ച മഹാത്മാവ്. തിരുവിതാംകൂർ കണ്ട അതി സ്രേഷ്ടനായ ഒരു ഭരണാധികാരി.തിരുവിതാംകൂർ ഭരിച്ച അവസാനത്തെ മഹാരാജാവ്.അവിവാഹിതനായി നാടുനീങ്ങിയ തിരുവനന്തപുരത്തുകാരുടെ പൊന്നു തമ്പുരാനായിരുന്നു പ്രണയത്തിന്റെ ഭ്രാന്തില്‍ സ്വയം മറന്നു എരിഞ്ഞൊടുങ്ങിപ്പോയ ചെല്ലമ്മയുടെ ആത്മാർത്ഥ പ്രണയം തെരുവിൽ അലയുന്നതറിഞ്ഞു നിസ്സംഗനായി നടന്ന ചിത്തിര തിരുനാള്‍ ഇനി ഒരു വേള രാജാവായതു കൊണ്ട് പുറത്തു കാട്ടാന്‍ ആവാത്ത നിസ്സഹായതയോടെ രണ്ടു തുള്ളി കണ്ണുനീർ എങ്കിലും നൽകിയട്ടുണ്ടാവില്ലേ ആ പ്രണയത്തിനു വേണ്ടി… ചെല്ലമ്മയും മഹാരാജാവും പോയി .“സുന്ദരി ചെല്ലമ്മ” എന്നത് തിരുവനന്തപുരംകാരുടെ ഓർമ്മകളിലെ ഒരു ഏടായി മാറുകയും ചെയ്തു.