അറിയാം കുഞ്ഞൻ രാജ്യത്തെ കുറിച്ച്
കടലിനു നടുവിലെ ചെറിയ രാജ്യം….

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തെക്കുറിച്ച് ചോദിച്ചാൽ ഭൂരിഭാഗവും വത്തിക്കാൻ സിറ്റി എന്ന് പറയും. എന്നാൽ വെറും 27 പേർ മാത്രമുള്ള ഒരു ചെറിയ രാജ്യമുണ്ട് . ഏറ്റവും ചെറിയ രാജ്യമെന്ന് അവകാശപ്പെടുന്ന സീലാൻഡ് ഒരു നഗരത്തിന്റെ അത്രപോലുമില്ലാത്തൊരു സ്ഥലമാണ്. അതിന്റെ വലിപ്പവും ജനസംഖ്യയും തന്നെയാണ് ഈ സ്ഥലത്തിലെ കുഞ്ഞൻ രാജ്യമെന്നു വിളിക്കാൻ പ്രധാന കാരണം. ”പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ്” എന്നറിയപ്പെടുന്ന സീലാൻഡ് ഔദ്യോഗികമായിട്ടല്ലെങ്കിലും ലോകത്തിലെ ഇരുന്നൂറ് രാജ്യങ്ങളിൽ ഒന്നായിട്ടുതന്നെയാണ് കണക്കാക്കപ്പെടുന്നത് . 550 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ചെറിയ രാജ്യം ഇംഗ്ലണ്ടിന്റെ വടക്കൻ കടലിലാണ് സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ ഇംഗ്ലണ്ടിൽ നിന്ന് വെറും 10 കിലോമീറ്റർ ദൂരപരിധിയിൽ. സ്വന്തമായി കറൻസിയും പതാകയും എന്തിന് രാജാവും രാജ്ഞിയും വരെയുണ്ട് ഈ രാജ്യത്ത്. ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതും ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതും പ്രധാനമന്ത്രിയോ പ്രസിഡന്റോ ഒന്നുമല്ല, ഈ രാജാവും രാജ്ഞിയും കൂടിയാണ് . രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇംഗ്ലണ്ട് ഈ സ്ഥലം ഉപയോഗിച്ചിരുന്നുവെങ്കിലും ഇതിന് ദേശീയ അംഗീകാരം ലഭിച്ചതോടെ സ്വയംഭരണ പ്രദേശമായി മാറി .ഈ രാജ്യത്തിന് സ്വന്തമായി ഒരു ഫുട്ബോൾ ടീമും ,ദേശീയ ഗാനവും,പാസ്‌പോർട്ടുകളും, സ്റ്റാമ്പുകളുമൊക്കെയുണ്ട്. വേണ്ടിവന്നാൽ ഒരു ആക്രമണം നടത്താനും പ്രതിരോധിക്കാനും കഴിയുന്ന ഒരു സൈന്യവും ഈ കുഞ്ഞൻ രാജ്യത്ത് സജ്ജമാണ്.രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാരാണ് സീലാൻഡ് നിർമ്മിച്ചത്. ആദ്യകാലത്ത് ഇത് സൈന്യത്തിന്റെയും നാവികസേനയുടെയും കോട്ടയായി ഉപയോഗിച്ചിരുന്നു. ഇത് ശരിക്കും യുണൈറ്റഡ് കിങ്ഡത്തിന്റെ കടൽ അതിർത്തിക്കു പുറത്താണു സ്ഥിതി ചെയ്യുന്നത്, അതിനാൽ യുദ്ധം അവസാനിച്ചതിനു ശേഷം ഇതു തകർക്കപ്പെടേണ്ടതായിരുന്നു, പക്ഷേ അത് നശിക്കാതെ നിലനിന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് യുകെ ഗവൺമെന്റിന്റെ മൗൺസെൽ കോട്ടകളുടെ ഭാഗമായാണ് എച്ച്എം ഫോർട്ട്റഫ്സ് എന്നറിയപ്പെട്ടിരുന്ന സീലാൻഡ് നിർമ്മിച്ചത്. 1967 ൽ പാഡി ബേറ്റ്സ് എന്ന വ്യക്തിയാണ് സീലാൻഡിലേക്കു കുടിയേറുന്ന ആദ്യത്തെ വ്യക്തി. പാഡി റോയ് ബേറ്റ്സ് ഈ ടവറിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ എല്ലാം മാറി. പാഡി അവിടെ തന്റെ നിയമവിരുദ്ധ റേഡിയോ സ്റ്റേഷനായ റേഡിയോ എസ്സെക്സ് പ്രവർത്തിപ്പിക്കാനായിരുന്നു എത്തിയിരുന്നത് .പിന്നീട് ടവറിനെ ‘പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ്’ എന്ന് പപേരിട്ട് സ്വയംപ്രഖ്യാപിത രാജ്യമായി മാറ്റുകയായിരുന്നു. കഴിഞ്ഞ 54 വർഷമായി യുണൈറ്റഡ് കിങ്ഡം സർക്കാരിനെ ധിക്കരിച്ചാണ് പ്രവർത്തിക്കുന്നത് പാഡിയുടെ പിൻമുറക്കാരാണ് ഇപ്പോൾ ഇവിടുത്തെ ജനസംഖ്യ എന്നുപറയുന്ന 27 പേർ.
ഈ കാലത്തിനിടയിൽ പലതവണ ഈ രാജ്യം ആക്രമണം നേരിട്ടിട്ടുണ്ട് . 1978-ൽ, സീലാൻഡിന്‍റെ ഭരണഘടന തയ്യാറാക്കിയ ജർമ്മൻ സംരംഭകനായ അലക്സാണ്ടർ അച്ചൻബാക്ക് സീലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചു. സീലാൻഡിനെ ഒരു ഹോട്ടലാക്കി മാറ്റുവാനുള്ള അച്ചൻബാക്കിന്റെ ആശയം ബേറ്റ്സ് തള്ളിക്കളഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ബേറ്റ്സ് ഇല്ലാത്ത സമയം നോക്കി സീലാൻഡ് പാസ്‌പോർട്ട് കൈവശമുള്ള ഒരു അഭിഭാഷകനോടൊപ്പം കുറേ ആയുധധാരികളെ പിടിച്ചടക്കുവാൻ അയച്ചു. ബേറ്റ്സിന്റെ മകനായ മൈക്കിളിനെ ബന്ധിയാക്കിയായിരുന്നു അക്രമണം. ഒടുവിൽ ബേറ്റ്സിന്റെ കൂട്ടർക്കുതന്നെയായിരുന്നു വിജയം.2007 മുതൽ 2010 വരെ സീലാന്‍ഡ് വിൽപ്പനക്കിട്ടിരുന്നു . സ്പാനിഷ് എസ്റ്റേറ്റ് കമ്പനിയായ ഇൻമോ നറാഞ്ചയുടെ സഹായത്തോടെയായിരുന്നു ഇത്. 900 മില്യൺ ഡോളറിലധികം വിലയാണ് ഇതിനിട്ടിരുന്നത്. പ്രിൻസിപ്പാലിറ്റി വിൽക്കുവാനുള്ള നിയമം ഇല്ലാത്തതിനാൽ അതിന്റെ ഉടമസ്ഥാവകാശകൈമാറ്റം നടത്തി വില്പന നടത്തുവാനാണ് ഇവർ ശ്രമിച്ചത്. പലരും വന്നിരുന്നെങ്കിലും വ്യത്യസ്ത കാരണങ്ങളാൽ ആർക്കും വാങ്ങുവാൻ സാധിച്ചില്ല