November 27, 2024, 7:27 pm

പൂച്ചകളെ ആരാധിക്കുന്ന ക്ഷേത്രം,

മഹാലക്ഷ്മിക്ക് പകരം മുഖ്യ പ്രതിഷ്ഠ ‘പൂച്ച’

നായ്ക്കൾക്ക് മനുഷ്യർ ഉടമകളാണ്. എന്നാൽ പൂച്ചകളുടെ കാര്യമെടുത്താൽ മനുഷ്യർ ദൈവമായാണ് പൂച്ചകളെ കാണുന്നതെന്ന് രസകരമായി പൂച്ചപ്രേമികൾ പറയാറുണ്ട്. കാര്യം തമാശയൊക്കെയാണെങ്കിലും ശരിക്കും പൂച്ചകൾ ദൈവമാണോ? ചോദ്യം കന്നഡക്കാരോഡ് ആണെങ്കിൽ അതെയെന്നാവും ഉത്തരം. ഒപ്പം ഒരു ക്ഷേത്രവും കാണിച്ചു തരും. പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ഒരു ക്ഷേത്രം. അതെ, കേട്ടതത്രയും ശരിയാണ്. പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമവും ക്ഷേത്രവും കർണ്ണാടകയിലുണ്ട്.
കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ബെക്കലലെ ഗ്രാമത്തിലാണ് വ്യത്യസ്തമായ ക്ഷേത്രവും വിശ്വാസങ്ങളുമുള്ളത്. തുമകുരു- മാണ്ഡ്യ ജില്ലകളുടെ അതിർത്തിയിലായി മധൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ബെക്കലലെ ഗ്രാമത്തിൽ പൂച്ചകളെ വലിയ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. പൂച്ചകൾ മഹാലക്ഷ്മിയുടെ പ്രതിരൂപമാണെന്നാണ് ഇവരുടെ വിശ്വാസം. ഇത് മാത്രമല്ല, രസകരമായ കുറേ ചടങ്ങുകളും വിശ്വാസങ്ങളും ഇവിടെ നിലനിൽക്കുന്നു. ബെക്കലലെ ഗ്രാമം എന്ന പേരിനു പോലും പൂച്ചകളുമായി ബന്ധമുണ്ട്. കന്നഡ ഭാഷയില്‍ ബെക്കു എന്നാൽ പൂച്ച എന്നാണര്‍ത്ഥം. സിംഷാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ മാർജാരന്മാർക്കു മാത്രമായി മൂന്നോ നാലോ ക്ഷേത്രങ്ങൾ ഉണ്ടത്രെ. മഹാലക്ഷ്മി അഥവാ മങ്കമ്മയുടെ പ്രതിരൂപമായ പൂച്ചകൾ ഇവിടെ വിശുദ്ധ ജീവി കൂടിയാണ്. മഹാലക്ഷ്മി ഇവിടെ പൂച്ചയുടെ രൂപത്തിൽ ജീവിക്കുന്നുണ്ടെന്നും ഗ്രാമത്തിലെ ദേവിയാണ് ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നതെന്നുമാണ് വിശ്വാസം. ഏകദേശം ആയിരത്തോളം വർഷം പഴക്കമുണ്ട് ഇവിടുത്തെ പൂച്ച ആരാധനയ്ക്കെന്നാണ് വിശ്വാസം. പൂച്ചയുടെ രൂപത്തിൽ ഗ്രാമവാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട മങ്കമ്മ അവരെ അപകടങ്ങളിൽ നിന്ന് രക്ഷപെടുത്തിയെന്നും പിന്നീട് പൂച്ചയുടെ രൂപത്തിൽ ഗ്രാമത്തിൽ ജീവിക്കുന്നുണ്ടെന്നും ഇവർ വിശ്വസിക്കുന്നു. പൂച്ചയില്ലാത്ത വീടുകൾ ബെക്കലലെ ഗ്രാമത്തിൽ ഇല്ലെന്നുതന്നെ പറയാം. ഒന്നിൽ കൂടുതൽ പൂച്ചകൾ മിക്ക വീടുകളിലുമുണ്ട്. 800-ൽ അധികം വീടുകളുള്ള ബെക്കലലെ ഗ്രാമത്തിൽ പൂച്ചകളെ ആരാധിക്കുന്ന വീടുകൾ വരെ ഇവിടെയുണ്ട്. എല്ലായ്പ്പോഴും പൂച്ചകളെ സംരക്ഷിക്കുന്നവരാണ് ഇവിടുള്ളവർ. പൂച്ചയെ ആരാധിക്കുന്ന ക്ഷേത്രമുള്ള ഗ്രാമത്തിലെ വീട്ടിൽ പൂച്ചകളെ ആരാധിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. പൊതുവേ ഗ്രാമവാസികളാരും പൂച്ചകളെ ഉപദ്രവിക്കാറില്ല. ഏതെങ്കിലും തരത്തിൽ പൂച്ചകളെ ഉപദ്രവിക്കുന്നവർക്ക് ഒരിക്കലും മാപ്പ് ലഭിക്കില്ലെന്നും ഇവർ വിശ്വസിക്കുന്നു. മാത്രമല്ല, അങ്ങനെ ആരെങ്കിലും പൂച്ചകളെ ഉപദ്രവിച്ചാൽ അവരെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുന്ന രീതിയുമുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പൂച്ചയുടെ ജഡം കാണുകയാമെങ്കിൽ, അത് കണ്ടയാൾ പൂച്ചയെ സംസ്കരിച്ചിട്ട് മാത്രമേ പോകാവു എന്ന1രു നിബന്ധനയും ഗ്രാമത്തിലുണ്ട്. ഈ നിയമം ഗ്രാമത്തിലുള്ളവർക്കും പുറമേ നിന്നുവരുന്നവർക്കും ഒരുപോലെ ബാധകമാണ്.മങ്കമ്മ ക്ഷേത്രം എന്നാണ് പൂച്ചയെ ആരാധിക്കുന്ന ഇവിടുത്തെ ക്ഷേത്രം അറിയപ്പെടുന്നത്. പൂച്ചയുടെ ഒരു വിഗ്രഹവും ഇവിടെ കാണാം. പൂജകളും ആരാധനകളും ഇതിലാണ് നടത്തുന്നത്. ഇപ്പോഴിവിടെയുള്ള ക്ഷേത്രത്തിന് ഏകദേശം 60 വർഷത്തോളം മാത്രമേ പഴക്കമുള്ളൂ. എല്ലാ ചൊവ്വാഴ്ചകളിലും ആണ് പൂച്ചയെ ആരാധിക്കുന്നത്. ഇവിടുള്ളവരെ കൂടാതെ, കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തുന്നു.മങ്കമ്മ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് മങ്കാമ്മ ഫെസ്റ്റിവൽ. തങ്ങളുടെ ഇടയിലെ ജീവിക്കുന്ന ദൈവമായ പൂച്ചകളെയാണ് ഇതിൽ ആരാധിക്കുന്നത്. സാധാരണായായി മൂന്നോ നാലോ ദിവസം മങ്കാമ്മ ഉത്സവം നീണ്ടു നിൽക്കും. ഇവിടുത്തെ ജ്യോതിികളാണ് ഉത്സവത്തിന് തിയതിയും സമയവും കുറിക്കുന്നത്. ഗ്രാമത്തിലുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കുടുംബക്കാരും ഒത്തുചേരുന്ന സന്ദർഭം കൂടിയാണ് മങ്കാമ്മ ഉത്സവം മാണ്ഡ്യയിൽ നിന്നും 35 കിലോമീറ്ററും മൈസൂരിൽ നിന്ന് 90 കിലോമീറ്ററും അകലെയാണ് ബെക്കലലെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും ബെംഗളുരു-മൈസൂരു അതിവേഗ പാത വഴി വരുമ്പോൾ 126.9 കിലോമീറ്റർ ദൂരമുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *

You may have missed